പങ്കാളികള്‍

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഒരു മരം

ഒരു മരമുണ്ടായിരുന്നു
ആകാശത്തിലേക്ക് കൈകള്‍ നീട്ടി
മേഘങ്ങളേ തലോടാന്‍ കൊതിച്ചത്

ഒരു മരമുണ്ടായിരുന്നു
വേരുകള്‍ ആഴ്ന്നിറങ്ങുമ്പോള്‍ ഭൂമിക്ക്
വേദനിക്കുമോ എന്നാശങ്കപ്പെട്ടിരുന്നത്

ഒരു മരമുണ്ടായിരുന്നു
ആഞ്ഞടിക്കുന്ന കാറ്റിന്റെ ഗതി
തെറ്റാതിരിക്കാന്‍ ശിരസു താഴ്ത്തുന്നത്

ഒരു മരമുണ്ടായിരുന്നു
കൈകള്‍ ഛേദിക്കപ്പെട്ട്, വേരുകള്‍
അറക്കപ്പെട്ട്, ശിരസറ്റു നിലം പതിച്ചത്

എഴുതാതെ പോയത്

എഴുതാതെ പോയ വരികളുണ്ട്
എഴുത്തില്‍ കിട്ടാതെ പോയ ചിലവ
മഴയേ പറ്റി, പ്രകൃതിയെ പറ്റി
പ്രണയത്തേയും മനുഷ്യരേയും പറ്റി
എല്ലാമടങ്ങുന്ന പ്രപഞ്ചത്തേ പറ്റിയും
കവിത എന്ന് വിളിക്കപ്പെടേണ്ടതായെക്കാം
എഴുതപ്പെടാത്ത ആ മനോഹര വരികള്‍

മഴ പെയ്യുകയാണ്

മഴ പെയ്യുകയാണ്
മരങ്ങള്‍ പോലും കുളിരുമെന്നപോല്‍
മാനം നിറഞ്ഞു പെയ്യുന്ന മഴ
കാറ്റിനും പ്രണയത്തിന്റെ, കാമിനിയുടെ
മനസിന്റെ മണമുളവാക്കുന്ന മഴ
പതിഞ്ഞൊരീണത്തില്‍ ഏകാന്തയിലേക്ക്
വിഷാദരാഗം മൂളുന്ന മഴ

മഴ പെയ്യുകയാണ്
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയില്‍
നിന്നുള്ളിലേക്ക് പെയ്യുന്ന മഴ
അകം നനയാതെ നിരത്തിയ പാത്രങ്ങ്ങളെ
നിമിഷങ്ങള്‍ കൊണ്ട് നിറയ്ക്കുന്ന മഴ
ഒരു കാറ്റിനാല്‍ കൂര തകര്‍ക്കുമോ
എന്ന് പേടിയാകുന്ന മഴ

ഉറങ്ങാത്ത ചിന്തകള്‍

നീലവെളിച്ചം
നിലാവിന്റെയത്രേ
ചൂടില്ല പക്ഷേ, തുണി
ഉണങ്ങിക്കിട്ടില്ലതില്‍

വെട്ടിപ്പൊളിച്ച മരക്കട്ടകളില്‍
പതിയെ തീ പിടിച്ചു വരുന്നുണ്ട്
കുളിരിനെ വെല്ലാന്‍ കമ്പിളി
കൊണ്ടായില്ലെങ്കിലും, പോട്ടെ !!

അകലെ നിന്നൊരു നിഴല്‍
തല കൈനീട്ടിയാല്‍ തൊടാം
ഒന്നു കൊട്ടി നോക്കി, പാവം
വേദനിച്ചു കാണുമോ എന്തോ ?

മരപ്പൊത്തില്‍ മാണിക്യമുണ്ട്
നാഗത്താന്‍ ചിരകാലം സൂക്ഷിച്ചത്
തൊട്ടാല്‍ സ്വര്‍ഗ്ഗം ലഭിക്കുമത്രേ
പാമ്പ് കൊത്തിയൊ വിഷം തീണ്ടിയോ ??

മഴ ഇനിയും പെയ്യട്ടെ,
കൂര ചോര്‍ന്നൊലിക്കട്ടെ
കര്‍ക്കിടകം കള്ളനായ് മാറട്ടെ
ചിങ്ങത്തില്‍ ഓണം വരുമല്ലോ !!

ഉറങ്ങാനാവുന്നില്ല
സൂര്യനില്‍ നിന്നും ചന്ദ്രനിലേക്കൊരാള്‍
പോകുന്നുണ്ട്, കറുത്ത വാഹനത്തില്‍
അതില്‍ പോകേണ്ടതാണ്, ഇനി വരാതെ

കഴുകജന്മം

വേനലിലുണങ്ങിയ മരകൊമ്പില്‍
ഒരു കഴുകനുണ്ട്, അഴുകുന്ന മാംസത്തിന്റെ
മരണത്തിന്റെ സുഗന്ധം ആസ്വദിക്കുന്ന
ഒരൊറ്റക്കണ്ണന്‍ കഴുകന്‍

എന്നോ പെയ്തൊഴിഞ്ഞ മഴയുടെ
ശേഷിപ്പുകളില്ലാത്ത മണ്ണിലെ
വരണ്ട കീറലുകളില്‍ നാമ്പു പൊടിയാത്തതില്‍
അഹ്ലാദിക്കുന്നൊരു കഴുകന്‍

ജീവന്റെ നേര്‍ത്ത തുടിപ്പ് ശമിക്കാത്ത,
ചൂടുറയാത്ത പച്ച ശരീരത്തില്‍
കൂര്‍ത്ത കൊക്കിനാല്‍ കൊത്തി
വലിക്കുന്നൊരൊറ്റക്കണ്ണന്‍ കഴുകന്‍

വിരിച്ച ചിറകു തീര്‍ത്ത തണലില്‍
ചെറു ജീവന്‍ പോലും കനിയാതെ
പറന്നു തുടങ്ങുന്ന കണ്ണുകളില്‍
ക്രൌര്യമുറഞ്ഞ് തെളിഞ്ഞ കഴുകന്‍

ചെകുത്താന്‍

ഇനി വരാനുള്ളത്
രണ്ടു പേരാണ്

ഒന്ന് ദൈവം
ദൈവം വന്നിട്ടെന്ത് ചെയ്യാന്‍,
കുറെ നന്മ ഉപദേശിക്കാനോ
വേണ്ട

അടുത്തത് ചെകുത്താനാണ്
എന്തെങ്കിലും
ചെയ്യാനാണെങ്കില്‍ അതവനാകും
അവന്‍ വരട്ടെ

ഒന്നും ചെയ്യാതെ
നിര്‍വികാരനായിരിക്കുന്ന
ദൈവത്തേക്കാള്‍
എന്തെങ്കിലുമൊക്കെ
ചെയ്യുന്ന ചെകുത്താന്‍
തന്നെയാണു ഭേദം

അസ്തമിക്കുന്നത്, ഉദിക്കേണ്ടതും

അങ്ങകലെ ചക്രവാളസീമയില്‍
ആത്മഹത്യ ചെയ്യാനുറച്ചൊരു സൂര്യന്‍
കരഞ്ഞ് കണ്‍ ചുവന്ന്, കടലിനെയും
ഭൂമിയേയ്യും മേഘങ്ങളെയും കരയിച്ച്
നാളെ പിറക്കുവാനായില്ലയെങ്കിലോ
എന്ന വിഷാദത്തില്‍ ചുവന്ന സൂര്യന്‍

എനിക്കല്ല, എന്‍ മനസിലെ നിനക്കാവാം
ചെന്നിറം തൂകിയത്, നിറഞ്ഞ സന്ധ്യകളില്‍
നനഞ്ഞ കണ്‍പീലികളെ തുടച്ചത്
മറന്ന സ്വപ്നങ്ങളെ തിരിച്ചു വിളിച്ചത്
മൌനങ്ങളില്‍ വാക്കുകള്‍ തന്നത്
ചുണ്ടുകളില്‍ പ്രണയത്തിന്‍ ചിരി നല്‍കിയത്

മഴമേഘങ്ങളാല്‍ മറയ്ക്കപ്പെടുന്നുണ്ടാവാം
ചില കാറ്റിനു മരണത്തിന്റെ ഗന്ധവും
നിരത്തിലൂടൊഴുകുന്ന ചേറ്റുവെള്ളത്തില്‍
പ്രാണനു പിടയുന്ന പ്രാണികളേപ്പോല്‍
പിടയുന്ന നേരങ്ങളുമുണ്ടാവാം, നമ്മളറിയാതെ
കാണികളായ് നില്‍ക്കുന്നുമുണ്ടാവും ആരൊക്കെയോ

നീയല്ല, നീയല്ല, നിന്‍ നിഴല്‍ പോലെ ഞാനാവാം
ഉദിക്കുമോ എന്നുറപ്പില്ലാതെ അസ്തമിക്കേണ്ടത്
ഏതു ദേശം, ഏതു കാലം, ഏതു ഭാവം നാളെയ്ക്ക്
പതിയെ തുറക്കുന്ന കണ്‍കളില്‍ തെളിയുന്ന പ്രകാശം
എന്റെ പ്രണയം നീയറിയുന്നതിനോ, നിന്റെ
പ്രണയം എന്നിലണയുന്നതിനോ,

പ്രിയപ്പെട്ടവളെ

മാനസ ജാലക വാതിലിന്‍ ചാരെയായ്
മായാമോഹിനിയായ് വന്നണഞ്ഞവളേ
നിന്നാര്‍ദ്ര മിഴികളില്‍ നിന്നുതിരുന്നൊരാ
നീള്‍മുനയെന്‍ നെഞ്ചില്‍ മലര്‍ശരമായ്
പതിക്കവെ, അഴകാര്‍ന്ന നിന്നുടലിലൊരു
നാഗമായ് പുണരുവാനെന്നുള്ളം തുടിക്കുന്നിതാ

എന്തിനാവും

എന്തിനാവും
ആരെന്നറിയാതെയും
എന്തിനെന്നറിയാതെയും
കാലമൊരു പ്രണയം കാത്തു വെച്ചിരുന്നത്

എന്തിനാവും
കൊഴിഞ്ഞ പൂക്കളാല്‍ നിറഞ്ഞ
വഴികളില്‍ തനിയേ നടക്കുമ്പോള്‍
കൊലുസിന്റെ കിലുക്കത്താലോടി മറഞ്ഞത്

എന്തിനാവും
പ്രണയമില്ലാതെ പ്രണയിക്കുന്നുവെന്നും
മഴയത്ത് നനയും പോല്‍ പ്രണയം നിറയുമെന്നും
വെറുതേ വെറുതേ കള്ളം പറഞ്ഞിരുന്നതും

നേരം

നിലാവിനു ചൂടുണ്ടാകുന്ന നേരം
ചൂടേറ്റു പൊള്ളുന്ന
ഒട്ടുന്ന ചുണ്ടുകളിലെ
നിശ്വാസങ്ങളാല്‍ കഥകള്‍
മെനയുന്ന, ഒരു നഖമുന കൊണ്ട്
മുറിവുകള്‍ തീര്‍ക്കപ്പെടുന്ന നേരം
കണ്ണുകളില്‍ കത്തുന്ന മുനയുള്ള
നോട്ടത്തിലുയരുന്ന കാമത്തില്‍
പുളഞ്ഞുണരുന്ന മേനികളില്‍
മദിച്ചൊഴുകുന്ന വിയര്‍പ്പുകളുടെ
ചാലുകള്‍ ഒന്നായ് തീരുന്ന നേരം

അളക്കപ്പെടേണ്ടത്

അളക്കപ്പെടേണ്ടത് ചുണ്ടുകള്‍ കൊണ്ടായിരിക്കണം
ചുടു നിശ്വാസങ്ങളാല്‍ അടയാളങ്ങള്‍ തീര്‍ത്ത്
രോമകൂപങ്ങളില്‍ ഹര്‍ഷാരവങ്ങളുണര്‍ത്തി
അളക്കപ്പെടേണ്ടത് ചുണ്ടുകള്‍ കൊണ്ട് തന്നെയാവണം

പൊള്ളിയടരേണ്ടത് തൊലിയല്ല മാംസം തന്നെയാവണം
ചുറ്റിപ്പിണയുന്ന കൈകളില്‍ ഞെരിഞ്ഞമര്‍ന്ന്
പരതിപ്പായുന്ന വിരലുകളാല്‍ തരിച്ചുയര്‍ന്ന്
നഖ ദന്ത ക്ഷതങ്ങളില്‍ നീറ്റലേറീ കിതപ്പോടേ,
പച്ച മാംസത്തിലാഴ്ന്നിറങ്ങി ശ്വാസം നിലക്കും വരേക്കും
അളക്കപ്പെടേണ്ടത് ചുണ്ടുകളാലായിരിക്കണം

കഥയുടെ നിലവിളി

ഒരു കഥയുണ്ടായിരുന്നു, മനസിലു
ഇതുവരെ പറയാത്ത, ആരുമറിയാത്ത കഥ
കഥയില്ലായ്മയുടെ ഈ ലോകത്ത്
പറയപ്പെടാത്ത കഥകളിലേക്കൊരെണ്ണം,
ഇനിയൊരു പറച്ചിലില്ലാതെ, ആരും കേള്‍ക്കാതെ
ജീവനോടെ തന്നെ കുഴിച്ചു മൂടപ്പെട്ട കഥ
കേള്‍ക്കാമിപ്പോഴും കുഴിയില്‍ നിന്നൊരു നിലവിളി

കാഴ്ചകള്‍

ഇരകള്‍ക്കും വേട്ടക്കാര്‍ക്കും
ഇടയില്‍ പെട്ടുപോകുന്നവര്‍
ഇരയാക്കപ്പെടുമോ അതോ
വേട്ടക്കാരനായെണ്ണുമോ എന്ന്
ചിന്തിച്ചുഴറുന്ന കാഴ്ചകള്‍

കൂവല്‍

പുറത്തേക്കിറങ്ങി ഉച്ചത്തില്‍
കൂവാന്‍ തോന്നുമ്പോളാണ്
ഞെട്ടലോടെ തിരിച്ചറിയുന്നത്
കൂവാനറിയില്ലെന്ന്, സാധകം
ചെയ്യാത്തേന്റെ കുഴപ്പം

പ്രണയത്തില്‍ ഒറ്റുകൊടുക്കുമ്പോള്‍

പ്രണയത്തില്‍
എന്നെ നീ ഒറ്റു കൊടുക്കുമ്പോള്‍
മരിച്ചു മണ്ണടിയുന്നത്
ഞാനായിരിക്കില്ല ഒരിക്കലും
എന്നിലെ പ്രണയവുമാവില്ല
നിന്നിലെ നീ പ്രണയമെന്നു വെറുതെ
വെറും വെറുതെ പേരിട്ടു വിളിച്ചിരുന്ന എന്തോ ഒന്നില്ലേ
അതായിരിക്കണം
നിന്റെ വെറുപ്പിനും പകയ്ക്കും ഒരിക്കല്‍ പോലും
ജീവശ്വാസമേകാന്‍ കഴിയാത്ത എന്തൊ ഒന്ന്

പ്രണയത്തില്‍
നീ ഒറ്റു കൊടുക്കുമ്പോള്‍ മരണപ്പെട്ടത്
നീ തന്നെയായിരുന്നു
പ്രണയമില്ലാത്ത പ്രണയിക്കുന്നുവെന്ന് കള്ളം പറഞ്ഞിരുന്ന
നീ തന്നെ
ഒരു പുനര്‍ജന്മത്തില്‍ പോലും
പ്രണയിക്കാനാവാത്ത, ഇനിയീ
പ്രണയമെന്താണെന്നറിയാത്ത നീ

ആണും കരച്ചിലും

ആദ്യം
അമ്മിഞ്ഞക്ക് കരഞ്ഞപ്പോ
അമ്മ പറഞ്ഞു
ആണല്ലേ നീ കരയല്ലെന്ന്

പിന്നെ
ഉരുണ്ട് വീണ് പൊട്ടിയപ്പോ
അച്ഛന്‍ പറഞ്ഞു
ആണല്ലേ നീ കരയല്ലെന്ന്

വീണ്ടും
കളികൂടി വഴക്കിട്ടപ്പോ
ക്ലാസിലെ ടീച്ചര്‍ പറഞ്ഞു
ആണല്ലേ നീ കരയല്ലെന്ന്

പിന്നൊരുനാള്‍
ഇഷ്ടപ്പെട്ടവള്‍ ചതിച്ചുപോയപ്പോള്‍
കൂട്ടുകാര്‍ പറഞ്ഞു
ആണല്ലേ നീ കരയല്ലേന്ന്

ഒടുക്കം
ചുറ്റും നിന്നവര്‍ കരയുമ്പോള്‍
അവനവനോട് തന്നെ പറഞ്ഞു
ആണല്ലേ നീ ഇനിയെന്തിനു കരയണം

ഇരയും വേട്ടക്കാരനും

വല വിരിച്ചൊരു ചിലന്തി
കാത്തിരിപ്പുണ്ട്, പൂവിന്
വിലപ്പെട്ടതൊക്കെയും
കവര്‍ന്ന് ആര്‍ത്തട്ടഹസിച്ച്
വരുന്നൊരു വണ്ടിനായി,
വേട്ടക്കാരനെ ഇരയാക്കുന്ന
കൌശലത്തോടേ

അവസാനിക്കാത്തത്

മരിച്ച് ദഹിപ്പിക്കപ്പെട്ടാലും
ചീഞ്ഞു നാറാന്‍ കൊതിക്കുന്ന
ചില മനുഷ്യരുണ്ട്
ജീവനോടെ തന്നെ
ദഹിപ്പിക്കേണ്ട ജന്മങ്ങള്‍

മഴ പറഞ്ഞത്

പുറത്ത് ആര്‍ത്തലച്ച് പെയ്യുന്ന
മഴയെന്നോട് പറയുന്നുണ്ട്
എനിക്ക് നഷ്ടപ്പെട്ടത്
പെണ്ണെ നിന്നെയാണെന്ന്
ഈ മഴയിലേക്കൊഴുകു
ന്നൊരിറ്റു കണ്ണീരിനാല്‍
പാപങ്ങള്‍ കഴുകി
കളയുവാനാവില്ലെനിക്ക്
എങ്കിലും സഖീ, അന്നു
നിന്നെ ചുംബിച്ച ചുണ്ടുകളാല്‍
ഞാനെന്‍ മനസിനോടൊത്ത്
മാപ്പു ചോദിക്കുന്നു

പ്രണയത്തില്‍ മറന്നത്

പ്രണയമേ
നീ മറന്നതെന്നെയോ
അതോ
ഞാന്‍ നിന്നെയോ
എങ്ങനെയാണു
എനിക്കെന്നെ നഷ്ടപ്പെട്ടത്

മറക്കാനാവത്തത്

ഇടനെഞ്ച് പൊള്ളിയടരുന്നു പെണ്ണേ
നിന്റെ ചുടുനിശ്വാസമെന്റെ നെഞ്ചില്‍
വര്‍ഷമേഘം പോല്‍ പെയ്തിറങ്ങിയ
നിമിഷങ്ങളോര്‍ത്തു തളരുമ്പോള്‍

മരണത്തിനുമപ്പുറം

മരിച്ചത് ആദ്യം നീയോ ഞാനോ
എന്ന് തര്‍ക്കിച്ച് മരണത്തിനു ശേഷം
രണ്ടാത്മാക്കള്‍ തല്ല് കൂടുന്നുണ്ട്
ഇനിയിവരിലേതാത്മാവ് ആദ്യം
മരിക്കുമെന്നറിയാന്‍ ദൈവം
കുറച്ചപ്പുറെ കാത്തിരിക്കുന്നുമുണ്ട്

നനഞ്ഞ സ്വപ്നങ്ങള്‍.

പെയ്ത മഴയില്‍ ഒലിച്ചു
പോയത് മണ്ണും മഴവെള്ളവും
മാത്രമായിരുന്നില്ല
മരിച്ച മനസും നിറഞ്ഞ ചിരികളും
ചേര്‍ന്നായിരുന്നു !!

ചീങ്കണ്ണികള്‍

ചീങ്കണ്ണികള്‍ ഇര തേടിയിറങ്ങുന്ന കായല്‍തീരങ്ങളില്‍
വളര്‍ന്ന് പന്തലിച്ച കൈത്തക്കാടുകല്‍ക്കിടയില്‍
മറഞ്ഞിരുന്ന്, അപ്പുറത്തെ കടവില്‍ അലക്കുന്ന
ചേച്ചിയെ ഒളിഞ്ഞ് നോക്കുന്ന മനുഷ്യരുണ്ട്

കല്ലിലേക്കുയര്‍ന്ന് പൊങ്ങുന്ന ഓരോ
തുണിവീശലിലും കാമത്തിന്റെ നെയ്‌വിളക്കുകള്‍
എരിയിക്കുന്ന നഗ്നരായ മനുഷ്യര്‍

അലക്കിത്തീരുന്ന ഓരോ തുണികളിലും
പുരണ്ട വിഷബീജങ്ങളില്‍ ആവാഹിക്കപ്പെട്ട്
മരിച്ചു വീണ ഇനിയും ജനിക്കാതെ പോയ ചിലരും


തീണ്ടാരി തുണികളില്‍ ഭ്രഷ്ട് കല്പിക്കപ്പെട്ട
പെണ്ണുടലുകള്‍ക്കില്ലാത്ത സൌമ്യത
കല്ലിലടിച്ച് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന
മനുഷ്യക്കോലങ്ങള്‍ക്ക് ഭയം ഇരതേടിയിറങ്ങുന്ന
ചീങ്കണ്ണികളേക്കാള്‍ ഒരു പുഴയുടെ ദൂരത്ത്
ഒളികണ്ണാല്‍ നോക്കുന്ന മനുഷ്യനേത്രങ്ങളെയാവും


ഈ രാത്രിയില്‍ ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങള്‍
ഇനിയെന്തെല്ലാം കാഴ്ചകള്‍ക്ക് മിഴിയേകുമായിരിക്കും

കിനാവ്

ഒരു കിനാവ് കാണുകയാണ്
നീയും ഞാനുമൊന്നിച്ച് കണ്ട കിനാവ്
എന്റെ കിനാവിലു നീയും
നിന്റെ കിനാക്കളില്‍ ഞാനും
ചേര്‍ന്നൊത്ത് കണ്ട കിനാവിന്റെ ബാക്കി
നമ്മളൊന്നിച്ച് കാണുമെന്ന കിനാ‍ാവ്

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

കാണാത്ത സ്വപ്നം

ഇനിയെന്നു കാണുമെന്നായിരുന്നാദ്യം
അറിയില്ല എന്നെന്റെ ഉത്തരവും
ഇനിയെന്നെങ്കിലും കാണുമോ എന്നടുത്തത്
അതിനുമറിയില്ലെന്ന് തന്നെയെന്നുത്തരം
ഇനിയൊരിക്കലും കാണാതിരുന്നേക്കാം
എങ്കിലും ഇതുപോലൊരു രാത്രി മുഴുവനും
സ്വപ്നത്തില്‍ നമുക്കൊന്നിച്ച് കാണാം
സഖീ, മറക്കാതിരിക്കുവാന്‍ കാണുന്നു ഞാന്‍
നിന്നെയെന്‍ സ്വപ്നങ്ങളിലെങ്കിലും

നിന്നെയോര്‍ത്ത്

പെണ്ണേ
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
എന്നൊന്നുറക്കെ
ഈ ലോകത്തോട്
പറയണം എന്നുണ്ട്
ധൈര്യമില്ലാതെ പോകുന്നു
എന്നെയോര്‍ത്തല്ല
നിന്നെയോര്‍ത്ത്

ഇന്നലെയും ഇന്നും നാളെയും

ഇന്നലെ
നാം ഒന്നായ്
ഞാനെന്നും നീയെന്നുമില്ലാതെ
നമ്മളെന്ന് മാത്രം പറഞ്ഞ്

ഇന്ന്
നാമില്ല
രണ്ടപരിചിതരേ പോലെ
ഏതൊക്കെയോ വഴികളായ്
പിരിഞ്ഞ് അകലേക്ക്
അകലേക്ക്

നാളെ
നീയാരെന്ന് ഞാനും
ഞാനാരെന്ന് നീയും
തിരിച്ചറിയാനാവാതെ
കണ്ടുമറന്നതെവിടെയെന്ന്
ഓര്‍മ്മിച്ചെടുക്കാനാവാതെ

ഒരു ചായ

ജീവിക്കുന്ന മുറിയില്‍
ഒന്നും ചെയ്യാനില്ലാതെ
അയാള്‍ തനിയെ
ജനമൊഴുകുന്ന തെരുവും
പൊടി പാറുന്ന റോഡുകളും
ഭ്രാന്തെടുപ്പിക്കുന്ന ചിന്തകളും
മടുപ്പ് വിശ്വരൂപത്തിലേക്ക്
ഇനിയെന്ത്
ഉത്തരം നിമിഷത്തില്‍
ചായ


ഇന്നലെ വരെ തിരക്കില്‍
മറന്നു പോയ ഒന്ന്
ഒരു ചായ കടുപ്പമുള്ളത്
ഇറങ്ങി നടന്നു
തെരുവിന്റെ ബഹളങ്ങളിലേക്ക്
നേര്‍ത്ത വെളിച്ചങ്ങള്‍ മാത്രമുള്ള
ഇടനാഴികളിലേക്കയാള്‍ നോക്കി
നടന്നു വീണ്ടും വീണ്ടും
ഇതല്ല, ഈ ചായ അല്ല
ഇതുവരെ ആരും രുചിച്ചിട്ടില്ലാത്ത
ചായ വേണം തനിക്ക്


പൊട്ടിയ വളപ്പാടുകള്‍ മുറിവേല്‍പ്പിക്കാത്ത
കൈകളാല്‍ തീര്‍ത്ത ചായ
പിഞ്ചിത്തുടങ്ങിയ സഞ്ചികളില്‍
വരണ്ടുണങ്ങിയ നീരൊഴുക്കില്‍
തളര്‍ന്നു പോവാത്ത ചൂടുചായ


പ്രലോഭനങ്ങളാല്‍ മാടി വിളിക്കുന്ന
ചായക്കടകളിലേക്ക് നിര്‍വ്വികാരമായി നോക്കി
നിറമില്ലാത്ത ചായം ചാലിച്ച
ചിലത് മാത്രം അവിടെ


ഇല്ല ഇതല്ല വേണ്ടത്
അയാള്‍ പുലമ്പിക്കൊണ്ടിരുന്നു
നടന്നു തീര്‍ന്നില്ല, തളര്‍ന്നിരുന്നു
എത്തിയത് നടന്നു തുടങ്ങിയ
അതേ മുറിയുടേ മുന്നില്‍
തെളിഞ്ഞ വെളിച്ചത്തില്‍ കണ്ടു
അയല്പക്കത്തെ ചേച്ചി


ദാഹാര്‍ത്തനായ്, പരവശനായ്
അയാള്‍ ചോദിച്ചു,
മറുചോദ്യമരുതെന്നപേക്ഷിച്ച്
ഒരു ചായ, ഒരേയൊരു ചായ

നരകത്തിന്റെ അടിത്തട്ടിലേക്ക്

ഇനിയൊരു യാത്ര പോകേണ്ടത്
നരകത്തിന്റെയും അടിത്തട്ടിലേക്കാണു
തീപ്പൊള്ളലേറ്റ ശരീരങ്ങളും കടന്ന്
മുടിയിഴകളില്‍ പോലും തീ പടര്‍ന്ന്
തുള്ളിയാടുന്ന കോലങ്ങളും കടന്ന്
അതിനുമപ്പുറം ചിലക്കുന്ന കഴുകന്മാരെയും
കടന്ന് ശിക്ഷ അനുഭവിച്ച് തീര്‍ന്നവരിലേക്ക്

ഇനിയെന്താവും അവരുടെ കണ്‍കളിലുണ്ടാവുക
നാവുകള്‍ പറയാന്‍ കൊതിക്കുന്നതെന്താവും
ഇടറുന്ന കാല്പാദങ്ങളാല്‍ പോകേണ്ടതെങ്ങോട്ടാവും
ചൂണ്ടുന്ന വിരലുകളുടേ ദിശ എങ്ങോട്ടേക്ക്


അനുഭവിച്ചതിന്നോ അനുഭവിപ്പിച്ചതിന്നോ
ഏതിനാവും കടുപ്പമേറിയതെന്ന് ചോദിക്കണം
എരിയുന്ന ചൂടില്‍ തളര്‍ന്ന് തനിച്ചിരിക്കുന്നവരെ
ഒന്ന് കുത്തിനോവിപ്പിക്കാനായ് മാത്രം


കണ്ണില്‍ നിറയുന്ന നിസഹായതയെ
കണ്ടില്ലെന്ന് നടിച്ച് കൊണ്ട് തന്നെ
അവര്‍ കാണാതെ പോയ കാഴ്ചകള്‍
ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി തന്നെ
ഇനിയൊരു യാത്ര പോകേണ്ടത്
നരകത്തിന്റെയും അടിത്തട്ടിലേക്കാണു

അയാള്‍

അയാളെന്നെ പിന്തുടരുകയാണു
നടന്നു തീര്‍ക്കുന്ന വഴികളിലും
ചെന്നെത്തുന്ന നാല്‍ക്കവലകളിലും
എനിക്കിടമുള്ള എല്ലാ ദിശകളിലും
എനിക്കും മുന്നേ, ചില നേരങ്ങളില്‍
എന്നോടൊപ്പം തന്നെയും അയാള്‍,
അയാള്‍ എത്തുന്നുണ്ടെവിടെയും

മുന്‍ പല്ലിനാല്‍ ചിരിച്ചും
പിന്‍ പല്ലിനാല്‍ ഇറുമ്മിയും
എനിക്ക് വാക്കുകള്‍ തരാതെയും
എന്റെ ചെവികളെ കവര്‍ന്നെടുത്തും
എന്നോട് മത്സരിച്ചും കലഹിച്ചും
എനിക്കു മുന്നില്‍ ജേതാവായും
എന്റെ തോല്‍‌വികളില്‍ ഹരം കൊണ്ടും
അയാളെന്നെ പിന്തുടരുകയാണു

എനിക്കറിയില്ലയാളെ
മുന്നെ കണ്ടൊരൊര്‍മ്മയില്ല
എപ്പൊഴാണെനിക്കെതിരാളിയായത്
എന്തിനാണയാള്‍ മത്സരിക്കുന്നത്
നിറഞ്ഞ ചിരിയിലൊളിപ്പിച്ചയാള്‍
എന്തിനാണീ പക സൂക്ഷിക്കുന്നത്
പിന്നെയും നിഴലിന്റെ യാത്ര പോലെ
അയാളെന്നെ പിന്തുടരുകയാണു

ഇടറി വീഴാന്‍ കൊതിക്കുന്നുണ്ടാവാം
ഒരു മുറിവില്‍, ചോര തിണര്‍ക്കുന്ന
പ്രാണന്‍ പിടയുന്ന വേദനയില്‍
ചവിട്ടി നിന്ന് ഭേരി മുഴക്കുവാന്‍,
അവസാന ശ്വാസം പിടയുന്ന
നിമിഷങ്ങളില്‍ കരം പിടിച്ചിഴക്കാന്‍
നരകത്തീയിലേക്ക് തള്ളുവാന്‍,
മിഴികള്‍ അമര്‍ത്തിയടക്കുവാന്‍
അയാളെന്നെ പിന്തുടരുകയാണു

ഓര്‍മ്മകള്‍

ചിതലരിക്കപ്പെടുന്ന
അടച്ചു പൂട്ടിയ മുറികളില്‍
ശ്വാ‍സം മുട്ടി കേഴുന്ന
നിറം മങ്ങിത്തുടങ്ങിയ
പഴയ ചില ഓര്‍മ്മകള്‍
നീലച്ച തെളിഞ്ഞ
കരിമേഘങ്ങളില്ലാത്ത
ആകാശം തേടി തേങ്ങുന്നുണ്ട്

കൌതുകം നിറച്ചകണ്ണുകള്‍
കുഞ്ഞിക്കൈകളാല്‍
ആകാശം കാണാതെ
മറിച്ച് വായിക്കാത്ത
താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച
മയില്‍പ്പീലിതുണ്ടുകള്‍
വെളിച്ചത്തിനായ് കേഴും പോല്‍

മനസിന്റെ അടിത്തട്ടില്‍
ശവക്കുഴികള്‍ തീര്‍ത്ത്
ബലിയിട്ട് കുഴിച്ച് മൂടിയ
ചവിട്ടിയരക്കപ്പെട്ടിട്ടും
ഇനിയും മരിക്കാതെ പാതിചത്ത്
വെളിച്ചം കിട്ടാതെ നരച്ച്
നീറിയൊടുങ്ങേണ്ടവ

എഴുതാതെ ബാക്കിയാവുന്നത്

ഇനിയെന്താണെഴുതാനുണ്ടാവുക
നിന്റെ നഷ്ടത്തെ പറ്റി
നീ ബാക്കി വെച്ചു പോയ സ്വപ്നങളെ പറ്റി
ഏതു വാക്കിനാലാവും എനിക്ക് പറഞ്ഞ് നിര്‍ത്താ‍നാവുക
മറന്നു തുടങ്ങിയ, ചെമ്പക പൂക്കള്‍ കൊഴിഞ്ഞ് വീണ
സുഗന്ധം നിലച്ചു പോയ രാത്രികളേ പറ്റിയോ
മൌനം കൊണ്ട് വാചലമായ പ്രണയത്തേ പറ്റിയൊ
ചുംബനത്താല്‍ പുഷ്പിക്കപ്പെട്ട
രാസലീലകളേ പറ്റിയൊ
ഒട്ടിയമരുന്ന ശരീരങ്ങളില്‍ ഒഴുകി പടരുന്ന
വിയര്‍പ്പു ചാലുകളേ പറ്റിയോ
രതിമൂര്‍ച്ഛകളില്‍ പൊള്ളിയടരുന്ന സീല്‍ക്കാരങ്ങളേ പറ്റിയോ
ഇനിയെന്താണെഴുതാനുണ്ടാവുക
എനിക്കും നിനക്കുമിടയില്‍
നിശബ്ദതയല്ലാതെ മറ്റൊന്നും
ബാക്കി വെക്കാനില്ലാതാവുമ്പോള്‍

എഴുത്തിന്റെ അദ്ധ്യായങ്ങള്‍

അദ്ധ്യായം ഒന്ന്
എഴുതി തുടങ്ങുകയാണു
എന്തിനെ പറ്റി
എങ്ങനെ
എപ്പോള്‍
ചോദ്യങ്ങളില്ല
പറച്ചിലും

അദ്ധ്യായം രണ്ട്
എഴുതിക്കൊണ്ടിരിക്കാം
എന്തിനെപ്പറ്റിയും
എങ്ങനെയും
ചോദ്യങ്ങളുണ്ടാവാം
ചോദ്യം ചെയ്യപ്പെടാം
വിമര്‍ശിക്കപ്പെടാം

അദ്ധ്യയം മൂന്ന്
ഇനിയെഴുതാം
തോന്നുന്നത്
തോന്നും പടി
ചോദ്യങ്ങളുണ്ടാവില്ല
ആരാധനയുടെ
യോജിപ്പുകള്‍ മാത്രം

നഷ്ടപ്പെട്ടത്


കാത്തിരിപ്പുണ്ടാവും
ഒരു കുപ്പിയും ഭൂതവും
കാലങ്ങളായിട്ട്,
സങ്കല്പ ജീപ്പുമോടിച്ച്
തുള്ളിത്തെറിച്ച് നടക്കുന്ന
ഒരു വികൃതി ചെക്കന്‍
തുറക്കുന്നതും കാത്ത്

ഓര്‍ക്കാപ്പുറത്ത് നേടൂന്ന
സ്വാതന്ത്ര്യത്തിന്റെ
ആശ്വാസത്തില്‍ അട്ടഹസിച്ച്
പുകപടലങ്ങള്‍ സൃഷ്ടിച്ച്
രക്ഷിച്ചവനെ ഒട്ടൊന്ന്
ഭയപ്പെടുത്തി വരം
നല്‍കാന്‍ മടിക്കാത്തവന്‍

കണ്ടെത്തിയേക്കാം
നിസഹായരായ് കുപ്പിയില്‍
തളക്കപ്പെട്ട് വീര്‍പ്പുമുട്ടുന്നവരെ.
തുറന്നു വിടാന്‍ പക്ഷേ,
തെറിച്ച് നടക്കുന്ന വികൃതി
ചെക്കന്റെ മനസില്ല
നഷ്ടപ്പെട്ടിരിക്കുന്നു
എന്നോ എവിടെയൊ

ഒറ്റയടിപ്പാതകള്‍ പറയുന്നത്

ഒറ്റയടി പാതകള്‍ക്ക്
ഒരു വിശേഷമുണ്ട്
ഒരുമിച്ച് നടക്കുന്നവര്‍ക്ക്
അതെന്നും വിശാ‍ലമായ്ക്കൊണ്ടിരിക്കും

അരികുകളെ വികസിപ്പിച്ച്
പാദങ്ങള്‍ പാദങ്ങളാല്‍
കോര്‍ത്തിണക്കി നടന്ന്
തീര്‍ക്കുവാനുള്ള സൌകര്യത്തിനായ്
അമരുന്ന പാദങ്ങളുടെ
മനസുകള്‍ക്ക് ഒരുമയുണ്ടെങ്കില്‍ മാത്രം

പാതകള്‍ക്കിരുവശവും
തലയാട്ടി ചിരിക്കുന്ന പൂക്കള്‍
അവിടെ സാക്ഷികളാവും
ഒരാള്‍ക്കു മാത്രം കിടക്കാവുന്ന
കട്ടിലില്‍ പരസ്പരം പുണര്‍ന്ന്
പുളഞ്ഞ് തിമിര്‍ക്കുന്ന
ശരീരങ്ങളെ നോക്കി
നാണിച്ച് ചിരിക്കുന്ന
പൂമൊട്ടുകളെ പോല്‍

രാത്രികള്‍

എനിക്ക് രാത്രികളെ ഇഷ്ടമാണു
നിലാവ് പെയ്യുന്ന, പൂര്‍ണ്ണ ചന്ദ്രന്‍ പൂത്തുലയുന്ന
മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്ന
നേര്‍ത്ത മഞ്ഞ് പെയ്യുന്ന രാത്രികളെ

എനിക്ക് രാത്രികളെ ഇഷ്ടമാണു
സ്വപ്നങ്ങള്‍ പൂക്കുന്ന, ഗന്ധര്‍വ്വന്മാര്‍ പാടുന്ന
അപ്സരസുകള്‍ നൃത്തം വെക്കുന്ന
പ്രണയം തളിര്‍ക്കുന്ന രാത്രികളെ
എനിക്ക് രാത്രികളെ ഇഷ്ടമാണു
വിജനമായ, രാപ്പാടികളുടേ പാട്ടുകളില്ലാത്ത
ഭയപ്പെടുന്ന നിശബ്ദതയുള്ള
തണുത്ത് മരവിച്ച രാത്രികളെ

എനിക്ക് രാത്രികളെ ഇഷ്ടമാണു
മരണം വിളിച്ചറിയിക്കുന്നെന്ന് പഴമക്കാര്‍ പറയുന്ന
കൂമന്റെ കൂവലുകള്‍ മുഴങ്ങിക്കേള്‍ക്കുന്ന
കൂരിരുട്ടിന്റെ കരിമ്പടം പുതച്ച രാത്രികളെ

എനിക്ക് രാത്രികളെ ഇഷ്ടമാണു
നിശാഗന്ധികള്‍ പൂത്ത് സുഗന്ധം പരത്തുന്ന
യക്ഷിപ്പാലയില്‍ ആളൊഴിയുന്ന
ചന്ദ്രന്‍ മരിക്കുന്ന അമാവാസി രാത്രികളെ

എനിക്ക് പക്ഷേ രാത്രികളെ ഇഷ്ടമല്ല
പകല്‍ ചിരിക്കുന്ന, ഇരുളുമ്പോള്‍ മനസു മാറുന്ന
വഴിത്തിരിവിലെ ഇരുള്‍ കോണുകളില്‍
ഇരയെത്തിരയുന്ന മനുഷ്യരുള്ള രാത്രികളെ

അതേ എനിക്ക് രാത്രികളെ ഇഷ്ടമല്ല
ഇരുളിന്റെ മറവില്‍ അന്യന്റെ ചോരക്ക് ദാഹിക്കുന്ന
പകയും വിദ്വേഷവും മാത്രം കൈമുതലുള്ള
മനസിലുമിരുട്ടുള്ള മനുഷ്യന്റെ രാത്രികളെ

നീ കാണാത്ത ഞാന്‍

എനിക്കും നിനക്കുമിടയില്‍
എന്നും എപ്പോളുമൊരാളുണ്ട്
ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചും
കണ്ണീരിന്നൊപ്പം കരഞ്ഞും
നിഴലെന്നു നിന്നെ തന്നെ
തോന്നിപ്പിച്ചിരുന്ന ഒരാള്‍

നീ പക്ഷേ
കണ്ടില്ലൊരിക്കലും
കണ്‍കള്‍ നിറയാതെ
വിടരുന്ന പുഞ്ചിരിയുമായ്
നീ പൂത്ത് നില്‍ക്കാന്‍
എന്നും ശ്രമിച്ചൊരെന്നെ

കുറ്റം പറയില്ല ഞാന്‍
നിന്നെയൊരിക്കലും
ലോകം വിശ്വസിക്കുന്നത്
പ്രകടനങ്ങളിലാണല്ലൊ

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ചൂട്

ഉള്ളു വേവുന്ന ചൂടിനാല്‍ കത്തി
പുകയുന്നു ദേഹമാസകലം
നെഞ്ചിലോ രണ്ടിണപ്രാവുകള്‍
തന്‍ ചിറകടി പോല്‍ പിടക്കുന്നു
തൊണ്ടയില്‍ രണ്ടു കരണ്ടിയാല്‍
ആരോ തോണ്ടുന്ന തരിപ്പിന്‍ സുഖം
മാനത്തു പെയ്യണ്ട മഴമേഘമിന്ന്
ദിശതെറ്റിയെന്‍ നാസാരന്ധ്രങ്ങളില്‍
കുടിയേറിപ്പാര്‍ത്തുവോ നാശം പിടിക്കാന്‍
മസ്തിഷ്കതിലൊപ്പം വെള്ളിടി വെട്ടും പോല്‍
വേദന, വേദന നുളക്കുന്നു, ഹാ കഷ്ടം
കണ്‍കളോ നീറുന്നു, പിടയുന്നു ചൂടിനാല്‍
ഡിഗ്രി എത്ര കാണുമോ പനിക്ക്
വിളിക്കാതെ വന്നവനെ നിനക്കന്ത്യശാസനം
പൊക്കോണം തനിയെ എങ്ങോട്ടെങ്കിലും

മഴപ്രണയം

മഴ പോലെയാണു പ്രണയവും
മഴയില്‍ നനഞ്ഞ് കുളിരുമ്പോള്‍
പ്രണയത്തിന്റെ ചൂടും ചൂരും അറിയുമ്പോള്‍
രണ്ടിനും ഒരേ സുഖം, ഒരേ ലഹരി
രണ്ടും ഒന്നിച്ചനുഭവിക്കുമ്പോള്‍
അതിലേറേ ലഹരിയും
ഇവിടിപ്പോള്‍ മനം നിറയെ
പ്രണയമുണ്ട്, പ്രണയിനിയും
ഈ പ്രണയത്തിനു കുളിരേകാന്‍
ഒരു മഴ മാത്രമില്ല, മഴയുടെ ലഹരിയും

കിണറും തവളയും

വക്കുകള്‍ ഇടിഞ്ഞ് താഴ്ന്ന
പൊട്ടക്കിണറ്റിലെ തവളകള്‍
ഇത് സ്വര്‍ഗ്ഗമാണു
ഇതുമാത്രമാണു സ്വര്‍ഗ്ഗമെന്ന്
പറഞ്ഞും പഠിപ്പിച്ചും
വിശ്വസിച്ചും പോന്നിരുന്നവര്‍
ആകാശത്തിലെ വെള്ളിവെളിച്ചം
നമുക്കുള്ളതല്ലെന്നും
വാവട്ടത്തിനപ്പുറമുള്ളവര്‍
പൊട്ടക്കിണറ്റിലെന്നു
പരിഹസിച്ചും
ആര്‍ത്തട്ടഹസിക്കുന്നവര്‍
ഇത്രനാളുമാ കിണറ്റില്‍
കിടന്നതിന്‍ ദുഖമിനിയും
മാറിയില്ലെനിക്ക്
ഇടക്കാ കിണറിന്റെ വക്കിലൊ
ന്നെത്തി നോക്കാറുണ്ട്
ഞാനോ നീയോ വലുതെന്ന
തവളപ്പോരു കണ്ടൊന്ന്
ചിരിക്കാന്‍

അനന്തപ്രണയം

ഞണ്ടുകളേ പോലെ
പിന്നോട്ട് നടക്കുകയും
കുഴി കുത്തി മറയുകയും
ചെയ്യും
ഇടക്ക് ദൂരെ മാറി
തലപൊക്കി നോക്കി
അയ്യേ പറ്റിച്ചേ
എന്ന് കൂവിയാര്‍ക്കും
പോ എന്ന് പരിഭവം നടിച്ച്
നീ നില്‍ക്കുമ്പോള്‍
പതിയേ ചാരത്ത് വന്ന്
ചുണ്ടുകളില്‍ ചെറു മുത്തമിടും
ഞാന്‍
തിളങ്ങുന്ന നിന്റെ കണ്ണുകളില്‍
എന്നെ നോക്കാനെന്ന മട്ടില്‍
വെറുതേ നോക്കിയിരിക്കും
അനന്തമായ് അതിരുകളില്ലാതെ
നിന്നെ പ്രണയിച്ചു കൊണ്ടിരിക്കും

പ്രണയത്തിന്റെ നിറം

പ്രണയത്തിന്റെ നിറമെന്താവും
അതോ പ്രണയത്തിനു നിറമുണ്ടോ
ഉണ്ടെങ്കില്‍ ചിലപ്പോള്‍
മഞ്ഞയായിരിക്കാം
ആദ്യമായ് അവളെ കണ്ട
ഓണത്തുമ്പികള്‍ പാറിക്കളിച്ചിരുന്ന
ഒരു സായാഹ്നത്തിലെ നേര്‍ത്ത
വെയിലിനുണ്ടായിരുന്ന ഇളം മഞ്ഞ നിറം
അല്ലെങ്കില്‍ അത് നീലയായിരിക്കാം
ആദ്യചുംബനത്തിന്റെ നിര്‍വൃതിയിലലിയുമ്പോള്‍
ഇളം തെന്നലില്‍ ഇളകിയാടിയിരുന്ന
ജാലകവിരിപ്പുകളുടേ നേര്‍ത്ത നീലനിറം
അതോ ചുവപ്പായിരിക്കുമോ
മഴ പെയ്ത്കൊണ്ടിരുന്ന രാവുകളില്‍
ചുറ്റിപ്പിണയുന്ന ഉടലുകള്‍
കിതപ്പാറ്റി വിയര്‍പ്പൊപ്പി
പുണര്‍ന്നു കിടക്കുമ്പോള്‍ കവിളുകളില്‍
തെളിഞ്ഞ നാണത്തിന്റെ കടും ചുവപ്പ്
ചിലപ്പോള്‍ പക്ഷേ എന്തിനോ
അകലേക്ക് മറഞ്ഞവള്‍ സൃഷ്ടിച്ച ശൂന്യതക്ക്
പകരം വെക്കാനൊന്നില്ലയെന്ന പോലെ
പ്രണയത്തിനും നിറമില്ലായിരിക്കും
നിര്‍വ്വചിക്കപ്പെടാനാകാത്ത പോല്‍

ചോര മണക്കുന്ന കാലം

ഈ കാലത്ത്
ചോര മണക്കുന്നു
ഇടവഴികളില്‍ ചുടുകാടിന്റെ
കരിഞ്ഞ ഗന്ധമുയരുന്ന
വേനല്‍ പകലുകളില്‍
ചുട്ടമാംസത്തില്‍ നിന്നടരുന്ന
ഇറച്ചി തുണ്ടുകളില്‍
ഇരുള്‍ വീണ കുടുസ്സു മുറികളില്‍
നിന്നുയരുന്ന നെടുവീര്‍പ്പുകളില്‍
എഴുതപ്പെടുന്ന വാക്കുകളില്‍
കാണപ്പെടുന്ന സ്വപ്നങ്ങളില്‍
പാടിപ്പഴകിയ പാട്ടുകളില്‍
ചുംബിക്കുന്ന ചുണ്ടുകളിലും
ഇണയോടൊട്ടിപ്പിടയുമ്പൊ
ളൊഴുകുന്ന വിയര്‍പ്പുകളിലും
പാതിയടയുന്ന മിഴികളില്‍
ശ്വാസം നിലച്ച ശരീരങ്ങളില്‍
പൈതലില്‍ ചിരികളില്‍ പോലും
ഈ കാലത്ത് എന്തിലും ഏതിലും
ചോര മണക്കുന്നു
കെട്ട കാലത്തിന്റെ ദുഷിപ്പിനാല്‍
അശുദ്ധമാക്കപ്പെട്ട ചോര

ചങ്ങാതികള്‍

മടുത്ത് മരവിച്ച മനസുകളേ
ജീവസുറ്റ ചില വാക്കുകളാല്‍
തൊട്ടുണര്‍ത്തുന്ന സുമനസുകളുണ്ട്
നമുക്ക് ചുറ്റിലും
പുതുമഴ വിത്തുകളേ
തൊട്ടുണര്‍ത്തുന്നതു പോലെ
നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ട്
ചടുലമായ വാക്കുകളാല്‍
സന്തോഷങ്ങള്‍ നമുക്കേകുന്ന
നന്മമനസുകള്‍
ജീവിതം കൊണ്ട് നാം
നേടുന്ന വിലപ്പെട്ട സ്വത്തായി
കാത്തു സൂക്ഷിക്കാവുന്ന
സ്നേഹപൂര്‍വ്വം ചങ്ങാതികളെന്ന്
വിളിക്കപ്പെടുന്നവര്‍

വേട്ട

എന്റെ പെണ്ണേ
എനിക്കറിയില്ല എന്തിനാണു
എന്നെ നീ ഇങ്ങനെ വേട്ടയാടുന്നത്
ഒരു നോക്കിനാലൊ വാക്കിനാലോ
നിന്നെ നോവിച്ചിരുന്നുവൊ ഞാന്‍
എന്നില്‍ നിന്നും നേടുവാനുള്ളതെല്ലാം
നിനക്കു ഞാന്‍ നല്‍കിയിരുന്നില്ലേ
പിന്നെയുമെന്തിനെന്നെ നീ.
ചെവികളില്‍ ഇപ്പോളും കേള്‍ക്കാം
നിന്റെ മൂളിപ്പാട്ടുകള്‍ എനിക്ക്
നീ ഏല്‍പ്പിച്ച മുറിവുകളില്‍
ഇന്നും ചോര പൊടിയുന്നുണ്ട്
അസ്വസ്ഥയുളവാക്കുന്ന തരം
ചൊറിച്ചിലും നീയെനിക്കേകുന്നു
രക്തം ദാഹിക്കുന്ന യക്ഷിപോല്‍
പിന്നെയും എന്നെ പിന്തുടരുന്നുവൊ
നീയെന്നൊരോര്‍മ്മ പോലുമെനി
ക്കില്ലാതാക്കുവാന്‍ ഒരു വിരല്‍
തുമ്പിന്നമര്‍ത്തല്‍ മതിയെന്നെങ്കിലും
കൊതുകേ നീയോര്‍ക്കാത്തതെന്തേ

മരണം കുറിച്ചിടുന്നത്

നീ കുരുക്കിട്ട് കെട്ടിയ
കയറിന്നും അവിടെ ഉണ്ട്
നീ തൂങ്ങിയാടിയ അതേ
മാവിന്റെ വലത്തേ കൊമ്പില്‍.
അവിടവിടെയായി പൊട്ടലുകള്‍
വീണുവെങ്കിലും, ദ്രവിച്ച് തുടങ്ങിയിട്ടില്ല
ബലമൊന്ന് നോക്കണമെന്നുണ്ട്
പറ്റിയ ഒരിരയെ കിട്ടുന്നില്ല

ശേഷിപ്പ്

നീലച്ച മിഴികളില്‍
നിറഞ്ഞ് നിന്നിരുന്നത്
പ്രണയം നഷ്ടപ്പെട്ടവന്റെ
വേദനകളായിരുന്നില്ല
നേരേ മറിച്ച്
ഒരു കയര്‍ത്തുമ്പില്‍
എല്ലാം തീര്‍ക്കുവാന്‍
തീരുമാനിച്ച നിമിഷത്തിനോടുള്ള
വെറുപ്പായിരുന്നു
ശ്വാസം കിട്ടാതെ പിടഞ്ഞ
നിമിഷങ്ങളില്‍ കൈവന്ന
തിരിച്ചറിവിന്റെ ശേഷിപ്പായി

മേഘസന്ദേശം


നീ കാണുന്നില്ലേ പെണ്ണേ,
മാനത്ത് ഒരു മഴ മേഘം പോല്‍
ഞാന്‍ കാത്തു നില്‍ക്കുന്നത്
നിന്നിലേക്ക് പെയ്തിറങ്ങുവാന്‍
മാത്രമാണ്
ഇറ്റു ജലം പോലും ലഭിക്കാതെ
ഊഷര ഭൂമി പോല്‍
വരണ്ട നിന്നിലേക്ക്
വീശിയടിക്കുന്ന കാറ്റിലും
വെട്ടിപ്പിളര്‍ക്കുന്ന മിന്നലിലും
കോരിച്ചൊരിയുന്ന മഴയുടെ
രൂപം പൂണ്ട്
പെയ്തിറങ്ങി നിന്നെ
പുഷ്പിണിയാക്കുവാന്‍
ജാലകവാതിലുകള്‍ തുറന്നാല്‍
നിനക്കെന്നെ കാണാം
നിന്നിലേക്കലിയാന്‍ കൊതിച്ചു
നില്‍ക്കുന്ന എന്നെ

പക

നിന്റെ മരണം ഞാനറിഞ്ഞത്
ഏറെ വൈകിയായിരുന്നു
കത്തിയെരിഞ്ഞ ചിതയിലെ
അസ്ഥികള്‍ നിമഞ്ജനത്തിനും
ശേഷം ഒരു
കര്‍ക്കിടകവാവ് ബലിയില്‍
നിനക്കും ബലിയുണ്ടായിരുന്നു
എന്നാരോ പറഞ്ഞപ്പോള്‍,
പ്രത്യേകിച്ചൊന്നും തോന്നിയില്ല
ഒരു വികാരവും
ദുഖമോ സന്തോഷമൊ പോലും
അല്ലെങ്കിലും
എന്നേ മരിച്ചു കഴിഞ്ഞിരുന്നു
നീയെന്റെ മനസില്‍

തീവ്രപ്രണയം

മഴ പെയ്തുകൊണ്ടിരിക്കുകയാണു
പുതച്ച് കമ്പിളിപ്പുതപ്പിന്നടിയില്‍
ഒന്നിച്ചൊരു മെയ്യായ്
നിന്റെ മാറിടങ്ങളില്‍ മുഖം
ചേര്‍ത്ത് കിടക്കുമ്പോള്‍
എന്റെ മുടിയിഴകളില്‍
പരതിനടക്കുന്ന നിന്റെ വിരലുകളുടേ
ദ്രുതചലനത്തിലെ വ്യതിയാനങ്ങളില്‍
ഉന്മത്തനായി
തേന്‍ നുകരുന്ന വണ്ടിനേപ്പോല്‍
നിന്റെ മാറിടങ്ങളില്‍ മധു തേടുകയാവും
എന്റെ ചുണ്ടുകള്‍
ഉയര്‍ന്നുയരുന്ന ശ്വാസോഛാസ
താളത്തിനൊപ്പം നേര്‍ത്ത കുറുകലില്‍
പുളഞ്ഞ് തുടിക്കുന്ന മെയ് ചേര്‍ന്ന്
പുല്‍കുമ്പോള്‍ മഴയുടെ തണുപ്പിനെ
തോല്‍പ്പിക്കുന്ന ചൂടുണ്ടാവും
എന്റെ കൈകള്‍ക്ക്
പ്രണയത്തിന്റെ വേവുന്ന ചൂട്
ഒന്നായിത്തീരുന്ന നിമിഷത്തിന്റെ
അനുഭൂതിയേകുന്ന ചൂട്
മഴ അവസാനിക്കാതിരുന്നെങ്കില്‍

കാത്തിരിപ്പിന്റെ ദുഖം

നീയില്ലാത്ത ഈ നേരത്ത്
പെയ്യുന്ന മഴക്ക്
പ്രണയത്തിന്റെ തണുപ്പല്ല
വിരഹത്തിന്റെ ചൂടാണു
നിന്നെ കാത്തു കഴച്ചു പൊട്ടുന്ന
നേത്ര ഞരമ്പുകളുടേ വേദനയും
തുടിക്കുന്ന മിഴികളില്‍
നിറയുന്ന കണ്ണീരിന്നുപ്പും
ചേര്‍ന്നിടനെഞ്ചു പിടയുന്നു
പെണ്ണേ
നീ മറഞ്ഞ് പോയതിന്നൊരു
യാത്ര കുറിപ്പു പോലുമില്ലാതെയും
സഖീ, ദുസ്സഹമാകുന്നീ
കാത്തിരിപ്പിന്റെ നിമിഷങ്ങളും

പേരില്ലാത്ത ഗ്രാമം

പേരില്ലാത്തതാണാ ഗ്രാമം
മനസില്ലാത്ത മനുഷ്യരുടെ
നിസംഗമായ യാത്രകളില്‍
പൊടിപിടിച്ച് കിടക്കുന്നത്
ചെന്നെത്താന്‍ ലക്ഷ്യങ്ങളില്ലാതെ
അലഞ്ഞ് തിരിയുന്നവരുടെ
യാത്രയാക്കാന്‍ ബന്ധങ്ങളോ
കാത്തിരിക്കാന്‍ കണ്ണുനീരോ
ഇല്ലാത്തവരുടേത്
നേടുവാനുള്ള ദുരയില്ലാത്ത
നഷ്ടപ്പെടുമെന്ന പേടിയില്ലാത്ത
മരണങ്ങളില്‍ ദുഖമില്ലാത്ത
പ്രണയമില്ലാത്ത, വിരഹവും
വിഷാദവുമില്ലാത്ത
കാമം പോലുമില്ലാത്തവര്‍
ചേര്‍ന്നിരുന്നത്
ഗ്രാമത്തിനു പുറത്ത്
പരസ്പരം പോലും തിരിച്ചറിയാത്ത
മനുഷ്യരുടേതുമായത്
ഇന്നലെകളും നാളേകളുമില്ലാത്ത
ഇന്നുകള്‍ മാത്രമുള്ളത്
ഒരു, പേരില്ലാത്ത ഗ്രാമം

പ്രണയത്തിലെ വേഗത

പുണരുന്ന കൈകളേക്കാള്‍
വേഗതയും ചൂടും
ചുംബിക്കുന്ന ചുണ്ടുകള്‍ക്കാണ്

മിഴികളാലളന്നെടുത്ത് കൊണ്ട്
മേനിയില്‍ പടരുന്ന
ദാഹാര്‍ത്തമായ ചുണ്ടുകള്‍ക്ക്

രോമകൂപങ്ങളില്‍ പൊടിയുന്ന
വിയര്‍പ്പിന്റെ നനവില്‍
വിരിയാന്‍ കൊതിക്കുന്ന പൂപോല്‍
തരിച്ചുയരുന്ന ശരീരത്തില്‍
ചിത്രം വരക്കുന്ന ചുണ്ടുകള്‍ക്ക്

ഒടുവിലൊരു നിമിഷത്തില്‍
ചാലിട്ടൊഴുകുന്ന വിയര്‍പ്പിന്റെ
സുഖമുള്ള കുളിരിലേക്ക് തളര്‍ന്ന്
വീഴുമ്പോള്‍ കൂമ്പിയടഞ്ഞ മിഴികളില്‍
പ്രണയം പകരുന്ന ചുണ്ടുകള്‍ക്ക്

വട


ഒരു വട തിന്നണം
തുളയിലേക്ക് വിരലിറക്കി
ഭഗവാന്റെ വിരലിലെ ചക്രം പോല്‍
ഉയര്‍ത്തിയെടുത്ത് വശങ്ങളില്‍
കടിച്ച് ചെറുകഷണങ്ങളാക്കി മാറ്റി
ആസ്വദിച്ച് കഴിക്കണം
നാവിന്റെ തുമ്പിനാല്‍
ആഴങ്ങളന്ന് ഉള്ളിലെ മുളകില്‍
കടിച്ചെരിവു നുകര്‍ന്നും കണ്ണടച്ചും
അരികുകള്‍ കടിച്ചു പൊട്ടിച്ചും
ഹൂശ് എന്ന് സീല്‍ക്കാരമെറിഞ്ഞും
കടുപ്പത്തിലൊരു ചായക്കൊപ്പം
ഒരു വട തിന്നണം
എണ്ണയില്‍ ഇട്ട് മൊരിച്ചെടുത്ത
രസികനൊരു വട

അവസാനിക്കാത്ത യാത്രകള്‍

അവസാനിക്കാത്ത യാത്രകള്‍
അകലേക്കകലേക്ക് നീങ്ങുമ്പോഴും
ചെറു തരി വെളിച്ചം പോലും
വഴികാട്ടാനില്ലാതാകുമ്പോളും
അവസാനിക്കാതെ നീളുന്ന
നരച്ച വഴികളിലൂടെയുള്ള,
യുദ്ധത്തിന്റെ കെടുതികളും
സമാധാനത്തിന്റെ നിശ്വാസങ്ങളും
ദുരിതത്തിന്റെ നെടുവീര്‍പ്പുകളും
വസന്തത്തിന്റെ തെളിമകളുമുള്ള
കാലത്തേ പിന്തള്ളിപ്പോകുന്ന
ഇനിയും തീരാത്ത യാത്രകള്‍
മരണത്തിന്റെ രൂക്ഷഗന്ധമുള്ള
കറുത്ത രാത്രികള്‍ക്ക്
ഒരുപക്ഷേ പ്രതീക്ഷയുണ്ടായേക്കാം
ഇവിടെ ഈ തീരത്ത് ഒരു ബലിക്കൊപ്പം
അവസാനിച്ചേക്കുമെന്ന്
ജീവിച്ച കാലത്തെ കെട്ടുപാടുകളെ
എവിടെ എങ്ങനെയാണുപേക്ഷിക്കുക
മറന്ന് എറിയാവുന്നവയല്ലല്ലോ
യാത്രയില്‍ കണ്ടവയൊന്നും തന്നെ
അവസാനിക്കുന്നുമില്ല യാത്രകളും

അകലവും അടുപ്പവും



ഇത്രയേറേ ചേര്‍ന്നിരിക്കുമ്പോളും
ഏറേ ദൂരം നാം അകന്നിരിക്കുന്നു
മനസിന്റെ ദൂരക്കണക്കുകളില്‍
ഒരു പിന്‍ നോട്ടത്തില്‍ പോലും
കാണ്മതിന്നപ്പുറം അകലേക്ക്

പതിയെ മായുന്ന കാഴ്ചകള്‍
പാതിയില്‍ തകരുന്ന സ്വപ്നങ്ങള്‍
വേര്‍പെടാന്‍ കൊതിക്കുന്ന
വിരല്‍ തുമ്പിന്റെ തേങ്ങലോടൊപ്പം
കോര്‍ത്തിരിക്കുന്ന വിരലുകളില്‍
തണുപ്പു പടരുന്നതും അറിയുന്നു

നിന്റെ നിശബ്ദ മൌനത്തിന്റെ
അര്‍ത്ഥമിന്ന് വിട ചോദിപ്പതിന്‍
വിഷാദഭാവമെന്നതും, ഇനിയൊരു
യാത്ര പറയാതെ ചോദിക്കാതെ
ഇനിയൊരു കാഴ്ച ഇല്ലാതിരിക്കുവാന്‍
മിഴികള്‍ ചേര്‍ത്തടക്കുന്നതും കാണുന്നു

ഇത്രയേറേ ചേര്‍ന്നിരിക്കുമ്പോളും
ഏറേ ദൂരം നാം അകന്നിരിക്കുന്നു
മനസിന്റെ ദൂരക്കണക്കുകളില്‍