പങ്കാളികള്‍

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

അയാള്‍

അയാളെന്നെ പിന്തുടരുകയാണു
നടന്നു തീര്‍ക്കുന്ന വഴികളിലും
ചെന്നെത്തുന്ന നാല്‍ക്കവലകളിലും
എനിക്കിടമുള്ള എല്ലാ ദിശകളിലും
എനിക്കും മുന്നേ, ചില നേരങ്ങളില്‍
എന്നോടൊപ്പം തന്നെയും അയാള്‍,
അയാള്‍ എത്തുന്നുണ്ടെവിടെയും

മുന്‍ പല്ലിനാല്‍ ചിരിച്ചും
പിന്‍ പല്ലിനാല്‍ ഇറുമ്മിയും
എനിക്ക് വാക്കുകള്‍ തരാതെയും
എന്റെ ചെവികളെ കവര്‍ന്നെടുത്തും
എന്നോട് മത്സരിച്ചും കലഹിച്ചും
എനിക്കു മുന്നില്‍ ജേതാവായും
എന്റെ തോല്‍‌വികളില്‍ ഹരം കൊണ്ടും
അയാളെന്നെ പിന്തുടരുകയാണു

എനിക്കറിയില്ലയാളെ
മുന്നെ കണ്ടൊരൊര്‍മ്മയില്ല
എപ്പൊഴാണെനിക്കെതിരാളിയായത്
എന്തിനാണയാള്‍ മത്സരിക്കുന്നത്
നിറഞ്ഞ ചിരിയിലൊളിപ്പിച്ചയാള്‍
എന്തിനാണീ പക സൂക്ഷിക്കുന്നത്
പിന്നെയും നിഴലിന്റെ യാത്ര പോലെ
അയാളെന്നെ പിന്തുടരുകയാണു

ഇടറി വീഴാന്‍ കൊതിക്കുന്നുണ്ടാവാം
ഒരു മുറിവില്‍, ചോര തിണര്‍ക്കുന്ന
പ്രാണന്‍ പിടയുന്ന വേദനയില്‍
ചവിട്ടി നിന്ന് ഭേരി മുഴക്കുവാന്‍,
അവസാന ശ്വാസം പിടയുന്ന
നിമിഷങ്ങളില്‍ കരം പിടിച്ചിഴക്കാന്‍
നരകത്തീയിലേക്ക് തള്ളുവാന്‍,
മിഴികള്‍ അമര്‍ത്തിയടക്കുവാന്‍
അയാളെന്നെ പിന്തുടരുകയാണു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ