പങ്കാളികള്‍

2012, നവംബർ 3, ശനിയാഴ്‌ച

കാണാത്ത സ്വര്‍ഗ്ഗം

ഈ ഭൂമി, ഇവിടൊരു നരകമുണ്ട്
ഒരു സ്വര്‍ഗ്ഗവും ഉണ്ടായിരിക്കണം
നീ കണ്ടിട്ടുണ്ടോ ആ സ്വര്‍ഗ്ഗം
അല്ലെങ്കിലതിലേക്കുള്ള വഴി
ഒരിക്കലും വാടാത്ത പൂക്കളുണ്ടൊ
സുഗന്ധം പരത്തുന്ന തെന്നലും
വെള്ളാമ്പലുകള്‍ വിരിയുന്ന
സ്വര്‍ണ്ണ മീനുകള്‍  തുള്ളിക്കളിക്കുന്ന
ഇളം നീല ജലാശയവുമുണ്ടോ
മരണമില്ലാത്ത ജീവനുകള്‍
കാണുമവിടെയെന്നാരോ പറഞ്ഞു
ജീവിതമില്ലാത്ത, ഉണ്ടെന്ന് കള്ളം
പറയുന്ന കപടതയുടെ സ്വര്‍ഗ്ഗമോ
നീ കണ്ടിട്ടുണ്ടോ ആ സ്വര്‍ഗ്ഗം

സ്വപ്നവും ജീവിതവും

ഒരു സ്വപ്നമുണ്ട്
ഏതോ ലോകത്ത്, എനിക്കറിയാത്ത
എന്നെയറിയാത്ത ആരുടേയൊക്കേയോ
ഇടയില്‍ അവരറിയാതെ അദൃശ്യനായി
അരൂപിയായി വെറുതേ നടക്കുമ്പോള്‍
മുന്നില്‍ കണ്ടു മറയുന്ന ജീവിതങ്ങള്‍ക്കിടയില്‍
എന്നെ തന്നെ, അല്ലെങ്കിലെന്നെപ്പോലെ
തന്നെ ഒരു ജീവനേയും പരിവാരങ്ങളേയും
പിന്നവന്റെ കിനാവുകളേയും കണ്ടിടുന്നതായ്,
അവനെന്റെ പ്രണയവും, ദുഖവും ചിരികളും
എന്റെ സ്വപ്നങ്ങളും രൂപവും എന്തിനെന്റെ
സങ്കല്പങ്ങള്‍ പോലുമുണ്ടെന്നും കണ്ടുപോം
അവന്റെ ഇന്നലെകളോടൊപ്പം നാളെകളും
കണ്ട് ഒപ്പം ഒട്ടിനടന്ന് വിസ്മയിക്കവേ
അറിയാതുണര്‍ന്നു പോയ്  സ്വപ്നത്തിനപ്പുറം
ആ നാളെകള്‍ ഇനിയെന്റേതുമാവുമോ എന്ന
ചോദ്യമാ സ്വപ്നത്തിനൊപ്പമവശേഷിക്കുന്നു

വിടചൊല്ലുമ്പോള്‍

പകലു കത്തിത്തീരുമിരുളു നനഞ്ഞെത്തുന്ന
നേരമെവിടേയോ ചിലച്ചെവിടെയോ
പറന്നൊരു കൂടു തേടുന്ന രാക്കിളികളെ
കണ്ടിട്ടും കണ്ടിടാത്തൊരോര്‍മ്മ പോല്‍
മാഞ്ഞതീ പകലു മാത്രമോ പകലിന്റെ
എരിതീയിലൊളിപ്പിച്ച വിഷാദങ്ങളോ
ഇരുളിലേക്കായുന്ന, പുല്‍നാമ്പിനേ കാണാതെ
അകലുന്ന രശ്മികള്‍ കാണുവാന്‍ കരയുന്ന
മിഴികളാല്‍ വെമ്പുന്ന പുല്‍ക്കൊടി നിശബ്ദം
ചൊന്നതു പ്രണയമോ, വെറും യാത്രമാത്രമോ

വേര്‍പെടാത്തത്

ഇന്നു ഞാന്‍ സുന്ദരം ഈ രാത്രിയില്‍
കാണുമെങ്ങനോ എപ്പളോ നിശാചരനായ്
കണ്ട കാഴ്ചയില്‍ നാമൊന്നെങ്കിലും നമ്മളില്‍
നമ്മെയറിയാതെ നാം വേര്‍പിരിയും
ഇന്നു കണ്ടതും നിറം മങ്ങി മാറിയതെന്റെ
ജീവിതമാണെന്ന വാക്കുകള്‍ കേള്‍ക്കവെ
കേള്‍ക്കുവാനാകാത്ത കാഴ്ചകളും കണ്ട്
മറന്നിടാനാവാത്ത കേള്‍വികളും രണ്ടു
മൊരുനാളിലെന്നെ മറന്നിടുമെങ്കിലും
ഓര്‍ക്കുമീ ജീവിതം മറക്കാത്തൊരൊര്‍മ്മയെ
മറന്നീടുവാന്‍ ആരോ പറയുമ്പോളും
മറക്കാതെ നാമോര്‍ത്തു വെക്കുമ്പോളും

സ്വപ്നജീവിതം

ഒന്നു തട്ടിത്തകര്‍ന്നു പോം ചെറു
കുഞ്ഞു കുമിളയില്‍ കണ്ട വര്‍ണ്ണങ്ങളാം
സ്വപ്നങ്ങള്‍ ഒക്കെയും നൈമിഷികം
ഓര്‍മ്മകള്‍ മാത്രമായ് തീര്‍ന്നിടും
നാമൊരാള്‍ മാത്രമാകുമീ യാത്രയില്‍
ചെന്നു ചേരുമിടം എത്ര അകലെയോ

ആധുനിക കവിത

എനിക്കറിഞ്ഞു കൂടാത്ത ഏതാണ്ടേ
താണ്ടൊക്കെ എഴുതി കവിതയെന്ന്
പേരിട്ടാരൊക്കെയോ ആഘോഷിക്കുന്നുണ്ട്
കലം പൊട്ടിയുടയുന്നത് വരെയെങ്കിലും
സ്വപ്നം കാണരുതെന്ന് മലര്‍പ്പൊടിക്കാരനെ
വിലക്കാന്‍ ആര്‍ക്കുണ്ട് അവകാശം
ആട്ടിന്‍ കുട്ടികളില്‍ മൂന്നാം തലമുറ
വരെയെങ്കിലും പോറ്റി വളര്‍ത്തണ്ടേ
അകലേ മലമുകളില്‍ തെളിയുന്ന കൈത്തിരി
സൂര്യനെന്നൊ, മറ്റേതെങ്കിലും നക്ഷത്രമെന്നോ
തര്‍ക്കിച്ച് വെറുതെ സമയം കളയണൊ
രണ്ടായാലും കിട്ടുന്നതൊരേ വെളിച്ചമെങ്കില്‍
വരികളീലെന്തൊക്കെ ഇല്ലെങ്കിലും ലൈംഗികത
വേണമെന്നാരോ നിര്‍ബന്ധിക്കുന്നുണ്ടെവിടെയോ
എഴുതാനാലോചിക്കുമ്പോളേ കുളിരുകോരുന്നെ
ങ്ങനെ ഞാനെഴുതും ലൈംഗികതയേപറ്റി, അയ്യേ
എനിക്കുമായ്ക്കൂടേ എനിക്കു പോലും ദെന്താണ്ട്രാന്ന്
ചോദിക്കാന്‍ തോന്നുന്നതെന്തെങ്കിലും എഴുതി
കവിതയെന്ന് പേരിട്ടാഘോഷിക്കാന്‍

2012, ജൂലൈ 30, തിങ്കളാഴ്‌ച

ഇന്നലെയും ഇന്നും നാളെയും

ഇന്നലെ
തണുത്ത കാറ്റില്ലായിരുന്നു
ചിന്നിച്ചിതറുന്ന മഴത്തുള്ളികളും
ഈറന്‍ കാറ്റുമില്ലായിരുന്നു
നിറമില്ലാത്ത ആകാശവും
വരണ്ടുണങ്ങിയ ഭൂമിയും മാത്രം
രാത്രിയിലേതോ മരക്കൊമ്പില്‍
ഒറ്റക്കൊരു മൂങ്ങ മൂളുന്നുണ്ടായിരുന്നു
മരണം വിളിക്കുകയായിരുന്നോ
ഓരിയിട്ടു തളര്‍ന്ന ചാവാലി നായ്ക്കളും
വന്നില്ല പക്ഷേ ഒരു കാലനും
ഇന്നലെ അവധിയായിരുന്നിരിക്കാം

ഇനിയുള്ളതിന്നും നാളെകളും
എന്ത്, ഇതൊക്കെ തന്നെയാവും ഇനിയും
അല്ലാതിരിക്കാന്‍ സ്വപ്നത്തിലല്ലല്ലോ
നാം ജീവിക്കുന്നതും  മരിക്കുന്നതും
മാറ്റമൊന്നിനുമാത്രം ഉണ്ടാകും ഉറപ്പ്
കാലനെന്നും അവധിയെടുക്കാനാവില്ലല്ലോ

2012, ജൂലൈ 25, ബുധനാഴ്‌ച

അന്നും ഇന്നും

അന്ന്
അവരു കാരണം ഞാന്‍ കരഞ്ഞു
വിതുമ്പുന്ന ചുണ്ടുകളിലേക്ക് പൊഴിയുന്ന
കണ്ണുനീരിനേങ്ങലുകളകമ്പടിയുണ്ടായിരുന്നു
അഭിനയം നന്നെന്നവരെന്നെ അഭിനന്ദിച്ചു
ഒപ്പമുള്ളില്‍ ചിരിക്കുന്ന ക്രൂരനെന്നെന്നെ
ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി, ഒന്നിച്ചിരുന്നവര്‍
എന്റെ കണ്ണീരിനു വിലയിട്ടു നിന്ദിച്ചു

ഇന്ന്
അവരെന്നെ കരയിക്കാന്‍ നോക്കുന്നു
ഇല്ല ഇനി ഞാന്‍ കരയില്ലയെന്ന്
പറയുന്ന എന്നെ നോക്കി അവര്‍ കരയുന്നു
ചുണ്ടുകള്‍ വിതുമ്പുന്നുണ്ട്, കണ്ണുനീര്‍
പൊഴിയുന്നുണ്ട്, ഏങ്ങലടിക്കുന്നുമുണ്ട്
പക്ഷേ അവര്‍ കരയുക തന്നെയായിരുന്നു
ഞാനൊ, എനിക്കഭിനയിക്കാനല്ലേ അറിയൂ,

2012, ജൂലൈ 23, തിങ്കളാഴ്‌ച

ഇരുള്‍ വീണ വഴികള്‍

ഇരുളുവീഴുമൊരുനാളീ വഴികളില്‍ നാമെത്ര
തിരികള്‍ തെളിയിച്ചു കാത്തു വച്ചെങ്കിലും
തെളിയുമായിരിക്കാം നമുക്കായൊരു തരി
വെളിച്ചമെന്നെങ്കിലും എവിടെയെങ്കിലും
നാമറിയാതെ നമ്മെയറിയാത്തൊരാള്‍
തെളിക്കുന്ന വഴികളില്‍ നാമലഞ്ഞേക്കാം
പാതിവഴിയിലാ കൈ നമ്മെ വിട്ടകന്നേക്കാം
മറ്റൊരു കൈത്തുമ്പ് താങ്ങ് നല്‍കാം
ഒക്കെയൊരു ഭ്രമ കാഴ്ചയായ് മാറാം
വീണ്ടുമിരുള്‍ ചുറ്റും പടര്‍ന്ന് നിന്നേക്കാം
ഇരുള്‍ മൂടിയോരാ വഴികളില്‍ തെറ്റിയലയു
മെന്നാകിലും തുടരാതിരിക്കുവാനാവില്ല
യാത്ര, തുടങ്ങി വച്ചതും നാമല്ലാത്തിടത്തോളം

2012, ജൂലൈ 2, തിങ്കളാഴ്‌ച

സങ്കടപ്പെടുവാന്‍

ചുമ്മാ സങ്കടം വരുന്ന്
ഒന്നിനുമൊരു കാരണമില്ലെങ്കിലും
ഒന്നിലുമൊരു കാര്യമില്ലെന്നറിയുമ്പോളും
അറിയാതെ പോയ എന്തിനോ വേണ്ടി
ഒരു സങ്കടം പിന്നെയും വരുന്ന്

ഒന്നു കരഞ്ഞാല്‍ തീരുമായിരിക്കും
പക്ഷേ കരഞ്ഞ് തീര്‍ക്കാനാവില്ല
കണ്ടവരെന്തിനെന്നാരാഞ്ഞാല്‍
എന്തിനെന്നുത്തരം പറയുമെന്നോര്‍ത്ത്
പിന്നെയും സങ്കടം വരുന്ന്

സങ്കടം വരാനൊരു കാരണം വേണമോയെ
ന്നോര്‍ത്തിരിക്കുമ്പോളോര്‍ക്കുന്നു ഞാന്‍
ഇനി സങ്കടപ്പെടുവാനൊന്നുമില്ല
യെന്നതോ എന്റെ സങ്കടം, അറിയില്ല
പക്ഷേ പിന്നെയും ചുമ്മാ സങ്കടം വരുന്ന്

2012, ജൂൺ 19, ചൊവ്വാഴ്ച

ഇന്നലെ രാത്രി

ഇന്നലെ രാത്രി  ഞാന്‍ മരിച്ചു
ഇന്നീ കുറിപ്പെഴുതുന്നത് ഞാന
ല്ലയെന്റെ അപരനാണ്
നോക്കിലും വാക്കിലും നടപ്പിലും
എന്നേപ്പോലെയുള്ളവന്‍
എന്റെ ചിന്തകളും പ്രവര്‍ത്തികളും
അനുകരിക്കാന്‍ ശ്രമിക്കുന്നവന്‍
ചിലപ്പോഴൊക്കെ എന്നെ, ഞാന്‍
തന്നെയോ ഇവനെന്ന് ഭ്രമിപ്പിച്ചവന്‍
പക്ഷെ ഞാനല്ല ഇവന്‍, കാരണം
ഞാന്‍ ഇന്നലെ രാത്രി മരിച്ചു പോയല്ലോ

2012, മാർച്ച് 24, ശനിയാഴ്‌ച

ചതിയനാണു നീ

ചതിയനാണു നീ
സുഹൃത്തെന്ന പേരില്‍ എന്നെ ചിരിപ്പിച്ച്
എന്നോടടുക്കുമ്പോളും, എന്റെ ചിരിയില്‍
നിന്റെ സന്തോഷം നിറക്കുന്നു എന്ന് പറയുമ്പോളും
നീ ചതിക്കുകയായിരുന്നു എന്നെ

ചതിയനാണു നീ

പിന്നെയെന്നോ സൌഹൃദത്തിനു പ്രണയമെന്ന
രൂപം നല്‍കി നിന്നെ ഞാന്‍ സ്നേഹിച്ചിട്ടും
ഒന്നും മിണ്ടാതെ ഒരു ചിരിമാത്രം നല്‍കി
നീ ചതിക്കുകയായിരുന്നു എന്നെ

ചതിയനാണു നീ

നീ തൊട്ടശുദ്ധമാക്കിയ എന്റെ ശരീരമോര്‍ത്ത്
ഇരുണ്ട രാത്രികളില്‍ വിങ്ങിക്കരയുമ്പോളും
നിന്നിലേക്കിനിയില്ലയെന്ന് ആവര്‍ത്തിക്കുമ്പോളും
നീ ചതിക്കുകയായിരുന്നു എന്നെ

ചതിയനാണു നീ

നിന്നെ ശപിക്കുവാന്‍ നാവുയര്‍ത്തുമ്പോളും
നിന്റെ ലോകത്തുനിന്നെന്നെ മറയ്ക്കുവാന്‍ നോക്കുമ്പോളും
ഒരു ചിരിയില്‍ ഒരു തലോടലില്‍ എന്നെ തളര്‍ത്തി
നീ ചതിക്കുകയായിരുന്നു എന്നെ