പങ്കാളികള്‍

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

അസ്തമിക്കുന്നത്, ഉദിക്കേണ്ടതും

അങ്ങകലെ ചക്രവാളസീമയില്‍
ആത്മഹത്യ ചെയ്യാനുറച്ചൊരു സൂര്യന്‍
കരഞ്ഞ് കണ്‍ ചുവന്ന്, കടലിനെയും
ഭൂമിയേയ്യും മേഘങ്ങളെയും കരയിച്ച്
നാളെ പിറക്കുവാനായില്ലയെങ്കിലോ
എന്ന വിഷാദത്തില്‍ ചുവന്ന സൂര്യന്‍

എനിക്കല്ല, എന്‍ മനസിലെ നിനക്കാവാം
ചെന്നിറം തൂകിയത്, നിറഞ്ഞ സന്ധ്യകളില്‍
നനഞ്ഞ കണ്‍പീലികളെ തുടച്ചത്
മറന്ന സ്വപ്നങ്ങളെ തിരിച്ചു വിളിച്ചത്
മൌനങ്ങളില്‍ വാക്കുകള്‍ തന്നത്
ചുണ്ടുകളില്‍ പ്രണയത്തിന്‍ ചിരി നല്‍കിയത്

മഴമേഘങ്ങളാല്‍ മറയ്ക്കപ്പെടുന്നുണ്ടാവാം
ചില കാറ്റിനു മരണത്തിന്റെ ഗന്ധവും
നിരത്തിലൂടൊഴുകുന്ന ചേറ്റുവെള്ളത്തില്‍
പ്രാണനു പിടയുന്ന പ്രാണികളേപ്പോല്‍
പിടയുന്ന നേരങ്ങളുമുണ്ടാവാം, നമ്മളറിയാതെ
കാണികളായ് നില്‍ക്കുന്നുമുണ്ടാവും ആരൊക്കെയോ

നീയല്ല, നീയല്ല, നിന്‍ നിഴല്‍ പോലെ ഞാനാവാം
ഉദിക്കുമോ എന്നുറപ്പില്ലാതെ അസ്തമിക്കേണ്ടത്
ഏതു ദേശം, ഏതു കാലം, ഏതു ഭാവം നാളെയ്ക്ക്
പതിയെ തുറക്കുന്ന കണ്‍കളില്‍ തെളിയുന്ന പ്രകാശം
എന്റെ പ്രണയം നീയറിയുന്നതിനോ, നിന്റെ
പ്രണയം എന്നിലണയുന്നതിനോ,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ