പങ്കാളികള്‍

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

നരകത്തിന്റെ അടിത്തട്ടിലേക്ക്

ഇനിയൊരു യാത്ര പോകേണ്ടത്
നരകത്തിന്റെയും അടിത്തട്ടിലേക്കാണു
തീപ്പൊള്ളലേറ്റ ശരീരങ്ങളും കടന്ന്
മുടിയിഴകളില്‍ പോലും തീ പടര്‍ന്ന്
തുള്ളിയാടുന്ന കോലങ്ങളും കടന്ന്
അതിനുമപ്പുറം ചിലക്കുന്ന കഴുകന്മാരെയും
കടന്ന് ശിക്ഷ അനുഭവിച്ച് തീര്‍ന്നവരിലേക്ക്

ഇനിയെന്താവും അവരുടെ കണ്‍കളിലുണ്ടാവുക
നാവുകള്‍ പറയാന്‍ കൊതിക്കുന്നതെന്താവും
ഇടറുന്ന കാല്പാദങ്ങളാല്‍ പോകേണ്ടതെങ്ങോട്ടാവും
ചൂണ്ടുന്ന വിരലുകളുടേ ദിശ എങ്ങോട്ടേക്ക്


അനുഭവിച്ചതിന്നോ അനുഭവിപ്പിച്ചതിന്നോ
ഏതിനാവും കടുപ്പമേറിയതെന്ന് ചോദിക്കണം
എരിയുന്ന ചൂടില്‍ തളര്‍ന്ന് തനിച്ചിരിക്കുന്നവരെ
ഒന്ന് കുത്തിനോവിപ്പിക്കാനായ് മാത്രം


കണ്ണില്‍ നിറയുന്ന നിസഹായതയെ
കണ്ടില്ലെന്ന് നടിച്ച് കൊണ്ട് തന്നെ
അവര്‍ കാണാതെ പോയ കാഴ്ചകള്‍
ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി തന്നെ
ഇനിയൊരു യാത്ര പോകേണ്ടത്
നരകത്തിന്റെയും അടിത്തട്ടിലേക്കാണു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ