പങ്കാളികള്‍

2012, ജൂലൈ 30, തിങ്കളാഴ്‌ച

ഇന്നലെയും ഇന്നും നാളെയും

ഇന്നലെ
തണുത്ത കാറ്റില്ലായിരുന്നു
ചിന്നിച്ചിതറുന്ന മഴത്തുള്ളികളും
ഈറന്‍ കാറ്റുമില്ലായിരുന്നു
നിറമില്ലാത്ത ആകാശവും
വരണ്ടുണങ്ങിയ ഭൂമിയും മാത്രം
രാത്രിയിലേതോ മരക്കൊമ്പില്‍
ഒറ്റക്കൊരു മൂങ്ങ മൂളുന്നുണ്ടായിരുന്നു
മരണം വിളിക്കുകയായിരുന്നോ
ഓരിയിട്ടു തളര്‍ന്ന ചാവാലി നായ്ക്കളും
വന്നില്ല പക്ഷേ ഒരു കാലനും
ഇന്നലെ അവധിയായിരുന്നിരിക്കാം

ഇനിയുള്ളതിന്നും നാളെകളും
എന്ത്, ഇതൊക്കെ തന്നെയാവും ഇനിയും
അല്ലാതിരിക്കാന്‍ സ്വപ്നത്തിലല്ലല്ലോ
നാം ജീവിക്കുന്നതും  മരിക്കുന്നതും
മാറ്റമൊന്നിനുമാത്രം ഉണ്ടാകും ഉറപ്പ്
കാലനെന്നും അവധിയെടുക്കാനാവില്ലല്ലോ

2012, ജൂലൈ 25, ബുധനാഴ്‌ച

അന്നും ഇന്നും

അന്ന്
അവരു കാരണം ഞാന്‍ കരഞ്ഞു
വിതുമ്പുന്ന ചുണ്ടുകളിലേക്ക് പൊഴിയുന്ന
കണ്ണുനീരിനേങ്ങലുകളകമ്പടിയുണ്ടായിരുന്നു
അഭിനയം നന്നെന്നവരെന്നെ അഭിനന്ദിച്ചു
ഒപ്പമുള്ളില്‍ ചിരിക്കുന്ന ക്രൂരനെന്നെന്നെ
ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി, ഒന്നിച്ചിരുന്നവര്‍
എന്റെ കണ്ണീരിനു വിലയിട്ടു നിന്ദിച്ചു

ഇന്ന്
അവരെന്നെ കരയിക്കാന്‍ നോക്കുന്നു
ഇല്ല ഇനി ഞാന്‍ കരയില്ലയെന്ന്
പറയുന്ന എന്നെ നോക്കി അവര്‍ കരയുന്നു
ചുണ്ടുകള്‍ വിതുമ്പുന്നുണ്ട്, കണ്ണുനീര്‍
പൊഴിയുന്നുണ്ട്, ഏങ്ങലടിക്കുന്നുമുണ്ട്
പക്ഷേ അവര്‍ കരയുക തന്നെയായിരുന്നു
ഞാനൊ, എനിക്കഭിനയിക്കാനല്ലേ അറിയൂ,

2012, ജൂലൈ 23, തിങ്കളാഴ്‌ച

ഇരുള്‍ വീണ വഴികള്‍

ഇരുളുവീഴുമൊരുനാളീ വഴികളില്‍ നാമെത്ര
തിരികള്‍ തെളിയിച്ചു കാത്തു വച്ചെങ്കിലും
തെളിയുമായിരിക്കാം നമുക്കായൊരു തരി
വെളിച്ചമെന്നെങ്കിലും എവിടെയെങ്കിലും
നാമറിയാതെ നമ്മെയറിയാത്തൊരാള്‍
തെളിക്കുന്ന വഴികളില്‍ നാമലഞ്ഞേക്കാം
പാതിവഴിയിലാ കൈ നമ്മെ വിട്ടകന്നേക്കാം
മറ്റൊരു കൈത്തുമ്പ് താങ്ങ് നല്‍കാം
ഒക്കെയൊരു ഭ്രമ കാഴ്ചയായ് മാറാം
വീണ്ടുമിരുള്‍ ചുറ്റും പടര്‍ന്ന് നിന്നേക്കാം
ഇരുള്‍ മൂടിയോരാ വഴികളില്‍ തെറ്റിയലയു
മെന്നാകിലും തുടരാതിരിക്കുവാനാവില്ല
യാത്ര, തുടങ്ങി വച്ചതും നാമല്ലാത്തിടത്തോളം

2012, ജൂലൈ 2, തിങ്കളാഴ്‌ച

സങ്കടപ്പെടുവാന്‍

ചുമ്മാ സങ്കടം വരുന്ന്
ഒന്നിനുമൊരു കാരണമില്ലെങ്കിലും
ഒന്നിലുമൊരു കാര്യമില്ലെന്നറിയുമ്പോളും
അറിയാതെ പോയ എന്തിനോ വേണ്ടി
ഒരു സങ്കടം പിന്നെയും വരുന്ന്

ഒന്നു കരഞ്ഞാല്‍ തീരുമായിരിക്കും
പക്ഷേ കരഞ്ഞ് തീര്‍ക്കാനാവില്ല
കണ്ടവരെന്തിനെന്നാരാഞ്ഞാല്‍
എന്തിനെന്നുത്തരം പറയുമെന്നോര്‍ത്ത്
പിന്നെയും സങ്കടം വരുന്ന്

സങ്കടം വരാനൊരു കാരണം വേണമോയെ
ന്നോര്‍ത്തിരിക്കുമ്പോളോര്‍ക്കുന്നു ഞാന്‍
ഇനി സങ്കടപ്പെടുവാനൊന്നുമില്ല
യെന്നതോ എന്റെ സങ്കടം, അറിയില്ല
പക്ഷേ പിന്നെയും ചുമ്മാ സങ്കടം വരുന്ന്