പങ്കാളികള്‍

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

രാത്രികള്‍

എനിക്ക് രാത്രികളെ ഇഷ്ടമാണു
നിലാവ് പെയ്യുന്ന, പൂര്‍ണ്ണ ചന്ദ്രന്‍ പൂത്തുലയുന്ന
മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്ന
നേര്‍ത്ത മഞ്ഞ് പെയ്യുന്ന രാത്രികളെ

എനിക്ക് രാത്രികളെ ഇഷ്ടമാണു
സ്വപ്നങ്ങള്‍ പൂക്കുന്ന, ഗന്ധര്‍വ്വന്മാര്‍ പാടുന്ന
അപ്സരസുകള്‍ നൃത്തം വെക്കുന്ന
പ്രണയം തളിര്‍ക്കുന്ന രാത്രികളെ
എനിക്ക് രാത്രികളെ ഇഷ്ടമാണു
വിജനമായ, രാപ്പാടികളുടേ പാട്ടുകളില്ലാത്ത
ഭയപ്പെടുന്ന നിശബ്ദതയുള്ള
തണുത്ത് മരവിച്ച രാത്രികളെ

എനിക്ക് രാത്രികളെ ഇഷ്ടമാണു
മരണം വിളിച്ചറിയിക്കുന്നെന്ന് പഴമക്കാര്‍ പറയുന്ന
കൂമന്റെ കൂവലുകള്‍ മുഴങ്ങിക്കേള്‍ക്കുന്ന
കൂരിരുട്ടിന്റെ കരിമ്പടം പുതച്ച രാത്രികളെ

എനിക്ക് രാത്രികളെ ഇഷ്ടമാണു
നിശാഗന്ധികള്‍ പൂത്ത് സുഗന്ധം പരത്തുന്ന
യക്ഷിപ്പാലയില്‍ ആളൊഴിയുന്ന
ചന്ദ്രന്‍ മരിക്കുന്ന അമാവാസി രാത്രികളെ

എനിക്ക് പക്ഷേ രാത്രികളെ ഇഷ്ടമല്ല
പകല്‍ ചിരിക്കുന്ന, ഇരുളുമ്പോള്‍ മനസു മാറുന്ന
വഴിത്തിരിവിലെ ഇരുള്‍ കോണുകളില്‍
ഇരയെത്തിരയുന്ന മനുഷ്യരുള്ള രാത്രികളെ

അതേ എനിക്ക് രാത്രികളെ ഇഷ്ടമല്ല
ഇരുളിന്റെ മറവില്‍ അന്യന്റെ ചോരക്ക് ദാഹിക്കുന്ന
പകയും വിദ്വേഷവും മാത്രം കൈമുതലുള്ള
മനസിലുമിരുട്ടുള്ള മനുഷ്യന്റെ രാത്രികളെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ