പങ്കാളികള്‍

2010, നവംബർ 2, ചൊവ്വാഴ്ച

അറിയാതെ പോയ പ്രണയം

പൊയ്പ്പോയ കാലത്തിനോര്‍മ്മ ചെപ്പുകള്‍ കൈതട്ടി
മറിയുന്നു പഴയൊരു സൌഹൃദമെന്നിലലിയുന്നു
വിലപിടിയാത്തൊരാ സൌഹൃദം ഇന്നെന്റെ 
ചിന്തയീലൊരു നീറ്റലായവശേഷിക്കുന്നു
രണ്ടിലകള്‍ പോലെ നാം ജീവിച്ചു തീര്‍ത്തൊരാ
കാലമിന്നൊരു പഴങ്കഥയായ് കടലാസു വഞ്ചിയായ്
നിഴല്‍ പോലെ നാം പരസ്പരം പങ്കിട്ടു ജീവിച്ച
നീയെന്റെയെന്നും ഞാന്‍ നിന്റെയെന്നും പരസ്പരം
പങ്കിട്ട കാലത്തെ ഇന്നു നാം എവിടെയോ തിരയുന്നു
കാണില്ല, കേള്‍ക്കില്ല വീണ്ടുകിട്ടില്ലെന്നറിയുന്നുവെങ്കിലും
കാലം മറയ്ക്കാത്ത മരുപ്പച്ച പോലെ നാം നമ്മില്‍
കോറിയിട്ടൊരാ വാക്കുകള്‍ നമ്മെയിന്നുമറിയുന്നു
പിരിയുവാന്‍ വേണ്ടി നാം ഒന്നു ചേര്‍ന്നെന്നൊരു
മാത്ര പോലും നിനച്ചിടാനാവതില്ലായിരുന്നെങ്കിലും
പിരിയുമ്പോള്‍ നാമറിഞ്ഞുവോ നമ്മിലെ പിരിയാത്ത
സൌഹൃദം കരളിലൊരു നോവായ് കാത്തു വച്ചീടുവാന്‍
മിഴിക്കോണിലൊരു നീര്‍ത്തുള്ളി ചേര്‍ത്തന്നു നീ
യാത്ര പറയാതെ പോയ് മറഞ്ഞീടുന്ന കാഴ്ചയെന്‍
മിഴി നിറഞ്ഞൊഴുകിയ കണ്ണീരിലവ്യക്തമായെങ്കിലും
അകലെ ചെന്നു നീ യാത്ര ചോദിപ്പാനെന്ന പോല്‍
ഒരു മാത്ര പിന്തിരിഞ്ഞെന്നെ നോക്കീടവേ
പിന്‍വിളിച്ചീടുവാന്‍ വെമ്പുന്ന ചൊടികളില്‍
നേര്‍ത്തൊരു തേങ്ങലൊളിപ്പിച്ചു പുഞ്ചിരിച്ചു ഞാന്‍
പറയാന്‍ കൊതിച്ച പലതുമന്നെന്തു നാം പറയാതെ
പരസ്പരം പങ്കിടാതെ പിന്നേക്കു കാത്തു വച്ചു
നിനവിന്റേ നോവുകള്‍ അറിയാന്‍ മറന്നതോ
നീയെന്ന സഖിയെ തിരിച്ചറിഞ്ഞീടാഞ്ഞതോ
ഉരുകുന്ന കരളിന്റെ വ്യഥകളറിയാഞ്ഞതോ
എന്നിലലിയുന്ന നിന്നിലെ പ്രണയമറിയാഞ്ഞതോ
കണ്മുനയാലെന്നെ തിരയുന്ന മിഴികളെ കണ്ടിട്ടും
കാണാതെ ഇരുളിന്റെ മറവിലേക്കൊറ്റക്കു പോയതോ
നേര്‍ത്തൊരു നിലാവത്തു നിന്നെ തിരയുന്നു കാണാന്‍
കൊതിക്കുന്നു കൈനീട്ടി കൈനീട്ടി പുണരാന്‍ കൊതിക്കുന്നു
വീണ്ടുമൊരു നാള്‍ നിനക്കായി നീക്കി വയ്ക്കുന്നു
മറയുന്നൊരോര്‍മ്മകള്‍  കൂട്ടി വയ്ക്കുന്നൂ, നിന്റെ ചിത്രം
വരക്കുന്നൂ, മനസില്‍ എന്നെന്നും ഓര്‍ത്ത് വയ്ക്കുന്നു
ഇനിയുമൊരു നാള്‍ വരും, ഇനിയുമൊരു നാള്‍ വരും
കൊഴിഞ്ഞു പോയൊരാ നല്ലനാളുകള്‍ തന്‍ സ്മൃതി
ഉണര്‍ത്തുന്നൊരാ കുളിര്‍ തെന്നലെന്‍ അരികില്‍ വരും
മിഴികള്‍ തുറക്കും, നിന്റെ പ്രണയം തളിര്‍ക്കും
നിന്നിലലിയാന്‍ എന്റെ കരളും തുടിക്കും

അവള്‍

ചിപ്പിക്കുള്ളിലെ മുത്തായിരുന്നു അവള്‍
പാവകളും പൂക്കളും പുസ്തകങ്ങളും അവള്‍ക്കു കൂട്ടായി
അവളുടെ അധരങ്ങളില്‍ പുഞ്ചിരി വിരിയുവാനായ്
പുസ്തകങ്ങള്‍ അവള്‍ക്കായി സ്വപ്നങ്ങള്‍ നെയ്തു
പൂക്കളുടെ സൌരഭ്യത്തില്‍ പാവകള്‍ നൃത്തം വച്ചു
അവളുടെ നൊമ്പരങ്ങളും ആഹ്ലാദങ്ങളും
പങ്കിട്ടതും അവള്‍ക്കു തുണയായതും, അവരായിരുന്നു
അവര്‍, അവളുടെ കൂട്ടുകാര്‍ മാത്രം
ഒരുനാള്‍ അവള്‍ ചിപ്പിക്കുള്ളില്‍ നിന്നും വിമുക്തയായി
നവീനലോകത്തിന്റെ കാപട്യങ്ങളില്‍ അവള്‍ സ്വയം തേടി
ഉടഞ്ഞ സ്ഫടികങ്ങളിലെ നൂറായിരം പ്രതിബിംബങ്ങള്‍ക്കിടയില്‍
അവള്‍ക്കറിയാനായില്ല ആരാണവള്‍
അവളുടെ ആശങ്കയറിഞ്ഞ ഈശ്വരന്‍ അവള്‍ക്കായ്
ആയിരം ആത്മാക്കള്‍ക്ക് പുനര്‍ജന്മം നല്‍കി
അവള്‍ക്കു കാവലാവാന്‍, അവളുടെ കൂട്ടുകാരാവാന്‍
ഭാഗ്യവതിയാണിന്നവള്‍, ദൈവത്തിനു പ്രിയപ്പെട്ടവള്‍