പങ്കാളികള്‍

2012, നവംബർ 3, ശനിയാഴ്‌ച

കാണാത്ത സ്വര്‍ഗ്ഗം

ഈ ഭൂമി, ഇവിടൊരു നരകമുണ്ട്
ഒരു സ്വര്‍ഗ്ഗവും ഉണ്ടായിരിക്കണം
നീ കണ്ടിട്ടുണ്ടോ ആ സ്വര്‍ഗ്ഗം
അല്ലെങ്കിലതിലേക്കുള്ള വഴി
ഒരിക്കലും വാടാത്ത പൂക്കളുണ്ടൊ
സുഗന്ധം പരത്തുന്ന തെന്നലും
വെള്ളാമ്പലുകള്‍ വിരിയുന്ന
സ്വര്‍ണ്ണ മീനുകള്‍  തുള്ളിക്കളിക്കുന്ന
ഇളം നീല ജലാശയവുമുണ്ടോ
മരണമില്ലാത്ത ജീവനുകള്‍
കാണുമവിടെയെന്നാരോ പറഞ്ഞു
ജീവിതമില്ലാത്ത, ഉണ്ടെന്ന് കള്ളം
പറയുന്ന കപടതയുടെ സ്വര്‍ഗ്ഗമോ
നീ കണ്ടിട്ടുണ്ടോ ആ സ്വര്‍ഗ്ഗം

സ്വപ്നവും ജീവിതവും

ഒരു സ്വപ്നമുണ്ട്
ഏതോ ലോകത്ത്, എനിക്കറിയാത്ത
എന്നെയറിയാത്ത ആരുടേയൊക്കേയോ
ഇടയില്‍ അവരറിയാതെ അദൃശ്യനായി
അരൂപിയായി വെറുതേ നടക്കുമ്പോള്‍
മുന്നില്‍ കണ്ടു മറയുന്ന ജീവിതങ്ങള്‍ക്കിടയില്‍
എന്നെ തന്നെ, അല്ലെങ്കിലെന്നെപ്പോലെ
തന്നെ ഒരു ജീവനേയും പരിവാരങ്ങളേയും
പിന്നവന്റെ കിനാവുകളേയും കണ്ടിടുന്നതായ്,
അവനെന്റെ പ്രണയവും, ദുഖവും ചിരികളും
എന്റെ സ്വപ്നങ്ങളും രൂപവും എന്തിനെന്റെ
സങ്കല്പങ്ങള്‍ പോലുമുണ്ടെന്നും കണ്ടുപോം
അവന്റെ ഇന്നലെകളോടൊപ്പം നാളെകളും
കണ്ട് ഒപ്പം ഒട്ടിനടന്ന് വിസ്മയിക്കവേ
അറിയാതുണര്‍ന്നു പോയ്  സ്വപ്നത്തിനപ്പുറം
ആ നാളെകള്‍ ഇനിയെന്റേതുമാവുമോ എന്ന
ചോദ്യമാ സ്വപ്നത്തിനൊപ്പമവശേഷിക്കുന്നു

വിടചൊല്ലുമ്പോള്‍

പകലു കത്തിത്തീരുമിരുളു നനഞ്ഞെത്തുന്ന
നേരമെവിടേയോ ചിലച്ചെവിടെയോ
പറന്നൊരു കൂടു തേടുന്ന രാക്കിളികളെ
കണ്ടിട്ടും കണ്ടിടാത്തൊരോര്‍മ്മ പോല്‍
മാഞ്ഞതീ പകലു മാത്രമോ പകലിന്റെ
എരിതീയിലൊളിപ്പിച്ച വിഷാദങ്ങളോ
ഇരുളിലേക്കായുന്ന, പുല്‍നാമ്പിനേ കാണാതെ
അകലുന്ന രശ്മികള്‍ കാണുവാന്‍ കരയുന്ന
മിഴികളാല്‍ വെമ്പുന്ന പുല്‍ക്കൊടി നിശബ്ദം
ചൊന്നതു പ്രണയമോ, വെറും യാത്രമാത്രമോ

വേര്‍പെടാത്തത്

ഇന്നു ഞാന്‍ സുന്ദരം ഈ രാത്രിയില്‍
കാണുമെങ്ങനോ എപ്പളോ നിശാചരനായ്
കണ്ട കാഴ്ചയില്‍ നാമൊന്നെങ്കിലും നമ്മളില്‍
നമ്മെയറിയാതെ നാം വേര്‍പിരിയും
ഇന്നു കണ്ടതും നിറം മങ്ങി മാറിയതെന്റെ
ജീവിതമാണെന്ന വാക്കുകള്‍ കേള്‍ക്കവെ
കേള്‍ക്കുവാനാകാത്ത കാഴ്ചകളും കണ്ട്
മറന്നിടാനാവാത്ത കേള്‍വികളും രണ്ടു
മൊരുനാളിലെന്നെ മറന്നിടുമെങ്കിലും
ഓര്‍ക്കുമീ ജീവിതം മറക്കാത്തൊരൊര്‍മ്മയെ
മറന്നീടുവാന്‍ ആരോ പറയുമ്പോളും
മറക്കാതെ നാമോര്‍ത്തു വെക്കുമ്പോളും

സ്വപ്നജീവിതം

ഒന്നു തട്ടിത്തകര്‍ന്നു പോം ചെറു
കുഞ്ഞു കുമിളയില്‍ കണ്ട വര്‍ണ്ണങ്ങളാം
സ്വപ്നങ്ങള്‍ ഒക്കെയും നൈമിഷികം
ഓര്‍മ്മകള്‍ മാത്രമായ് തീര്‍ന്നിടും
നാമൊരാള്‍ മാത്രമാകുമീ യാത്രയില്‍
ചെന്നു ചേരുമിടം എത്ര അകലെയോ

ആധുനിക കവിത

എനിക്കറിഞ്ഞു കൂടാത്ത ഏതാണ്ടേ
താണ്ടൊക്കെ എഴുതി കവിതയെന്ന്
പേരിട്ടാരൊക്കെയോ ആഘോഷിക്കുന്നുണ്ട്
കലം പൊട്ടിയുടയുന്നത് വരെയെങ്കിലും
സ്വപ്നം കാണരുതെന്ന് മലര്‍പ്പൊടിക്കാരനെ
വിലക്കാന്‍ ആര്‍ക്കുണ്ട് അവകാശം
ആട്ടിന്‍ കുട്ടികളില്‍ മൂന്നാം തലമുറ
വരെയെങ്കിലും പോറ്റി വളര്‍ത്തണ്ടേ
അകലേ മലമുകളില്‍ തെളിയുന്ന കൈത്തിരി
സൂര്യനെന്നൊ, മറ്റേതെങ്കിലും നക്ഷത്രമെന്നോ
തര്‍ക്കിച്ച് വെറുതെ സമയം കളയണൊ
രണ്ടായാലും കിട്ടുന്നതൊരേ വെളിച്ചമെങ്കില്‍
വരികളീലെന്തൊക്കെ ഇല്ലെങ്കിലും ലൈംഗികത
വേണമെന്നാരോ നിര്‍ബന്ധിക്കുന്നുണ്ടെവിടെയോ
എഴുതാനാലോചിക്കുമ്പോളേ കുളിരുകോരുന്നെ
ങ്ങനെ ഞാനെഴുതും ലൈംഗികതയേപറ്റി, അയ്യേ
എനിക്കുമായ്ക്കൂടേ എനിക്കു പോലും ദെന്താണ്ട്രാന്ന്
ചോദിക്കാന്‍ തോന്നുന്നതെന്തെങ്കിലും എഴുതി
കവിതയെന്ന് പേരിട്ടാഘോഷിക്കാന്‍